പയ്യോളിയില്‍ വീട്ടുമുറ്റത്ത് കണ്ടത് പുലിയോ? പുലിപ്പേടിയില്‍ നാട്ടുകാര്‍, യാഥാര്‍ത്ഥ്യം അറിയാം


പയ്യോളി: പയ്യോളിയില്‍ പുലി ഇറങ്ങി, ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു വാര്‍ത്ത പരക്കുന്നത്. ഇന്നലെ രാത്രി പയ്യോളി മുന്‍സിപ്പാലിറ്റി 25-ാം ഡിവിഷനിലെ മീന്‍ പെരിയ റോഡിനോട് ചേര്‍ന്ന പ്രദേശത്തെ വീട്ടമ്മയാണ് വീട്ടുമുറ്റത്ത് പുലിയെ പോലെ തോന്നിക്കുന്ന ഒരു ജീവി നില്‍ക്കുന്നതായി വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത വീട്ടുകാരും ജീവിയെ കണ്ടതായി പറയുന്നു. ഉടന്‍തന്നെ പയ്യോളി പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും നേതൃത്വത്തില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല.

ഇന്നലെ രാത്രി നടത്തിയ തിരച്ചിലില്‍ കാല്‍പ്പാടുകളോ മറ്റ് സൂചനകള്‍ ഒന്നും ലഭിക്കും ലഭിക്കാത്തപക്ഷം ഭയപ്പെടാന്‍ തക്കതായ ഒന്നുമില്ല എന്നും, മുന്‍കരുതല്‍ എന്ന നിലയ്ക്ക് ചെറിയ കുട്ടികളെയും വളര്‍ത്തു ജീവികളെയും ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ഡ് മെമ്പര്‍ അന്‍സില കൊയിലാണ്ടി ഡോട്ട് ന്യൂസിനോട് പറഞ്ഞു.

ഇതിനിടെ കഴിഞ്ഞദിവസം ചുരത്തില്‍ കണ്ട പുലിയുടെ ചിത്രങ്ങള്‍ സഹിതം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഭീതി പരത്തുന്ന പ്രചരണങ്ങളും നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.