വര്‍ത്തമാനകാലത്തും ജാതീയത തിമിരം സജീവമാണെന്ന് തെളിയിക്കുന്ന ഹ്രസ്വചിത്രമൊരുക്കി കൊയിലാണ്ടി സ്വദേശികള്‍; പ്രേക്ഷക ശ്രദ്ധനേടി ‘തിമിരം’
കൊയിലാണ്ടി: കുറഞ്ഞ ദിവസം കൊണ്ട് യൂട്യൂബ് പ്രേക്ഷകര്‍ ഏറ്റെടുത്ത ഹ്രസ്വചിത്രമായ ‘തിമിരം’ ശ്രദ്ധേയമാകുന്നു. കൊയിലാണ്ടിയിലെ ഒരുകൂട്ടം സിനിമാപ്രേമികള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. വര്‍ത്തമാന കാലത്തും ജാതീയ തിമിരം സജീവമാണെന്ന് ഭംഗിയായി പകര്‍ത്തിയിരിക്കുന്ന ഹ്രസ്വചിത്രമാണിത്.
കൊയിലാണ്ടി സ്വദേശികളായ സോനുവും ദിനൂപും ആദ്യമായി സംയുക്തമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണിത്. ഇരുവരും സിനിമ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചവരുമാണ്. സോനു അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ബാങ്ക് ജീവനക്കാരനായി പ്രവര്‍ത്തിച്ചു വരികയാണ്. ദിനൂപ് ഫോര്‍ട്ട്ഫിലിമുകള്‍ മുന്‍പും സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്ത് വരികയാണ്.
കാര്‍ബണ്‍ ക്യാപ്ച്ചര്‍ സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2019 – ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സരസ ബാലുശ്ശേരി കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ പുഷ്പ്പ ഗംഗധരന്‍, അഖില്‍ സതീഷ്, അക്ഷര സതീഷ്, സ്‌നേഹ ആതുല്‍, ദിവീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ബണ്‍ ക്യാപ്‌ചേഴ്‌സ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കൊയിലാണ്ടി പരിസപ്രദേശങ്ങളില്‍ തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസമായി വലിയ പിന്തുണയാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകനായ സോനു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ബിജി എം, സായ് ബാലന്‍, ക്യാമറ: അക്ഷയ് അമ്പാടി, അസോസിയേറ്റ് ക്യാമറമാന്‍: സച്ചിന്‍ രാമചന്ദ്രന്‍,എഡിറ്റിംഗ് : അശ്വിന്‍ അമ്പാടി, കളറിങ്: പ്രഹ്ലാദ് പുത്തഞ്ചേരി , സിങ്ക് സൗണ്ട് : ശ്രെയസ് ഇയ്യാനി സ്‌പോട് എഡിറ്റര്‍: അനുരൂപ്,അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ജിത്തു കാലിക്കറ്റ്, ആന്‍സണ്‍ ജേക്കബ്, യദു കൃഷ്ണ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അഭിനേഷ് ഭാസ്‌കര്‍ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അധികവും പങ്കാളികളായിരിക്കുന്നത് കൊയിലാണ്ടി സ്വദേശികളാണ്.