റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍, പലയിടത്തും കുഴികൾ; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം
കൊയിലാണ്ടി: ദേശീയപാതയില്‍ നിന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയിലായത് അപകടത്തിനിടയാക്കുന്നതായി ആരോപണം. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും റോഡിലെ കുഴികൾ വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി അഗ്നിരക്ഷാ നിലയം, എം.എം. ഹോസ്പിറ്റൽ എന്നിവയുടെ മുന്‍വശത്തുമുള്ള ഭാഗങ്ങളിലാണ് റോഡ് തകര്‍ന്നത്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾക്കിടയാക്കും. ഇരുചക്ര വാഹനമുൾപ്പെടെ നിരവധി വാഹനങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുപോകുന്ന പ്രധാനപാതയാണിത്. അതിനാൽ അപകട സാധ്യതയും കൂടുതലാണ്.
മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ കുഴിയുടെ വലിപ്പം യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കാറില്ല. റോഡിലെ കുഴിയിലേക്ക് വണ്ടി താഴ്ന്ന് പോയതിനെ തുടർന്ന് അപകടങ്ങളും സംഭവിച്ചിരുന്നു. എന്നാൽ വലിയ പരിക്കുകൾ പറ്റാതെ യാത്രികർ രക്ഷപ്പെടുകയായിരുന്നു.
സമീപത്തുള്ള കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും റോഡിന്റെ അവസ്ഥ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാവിലെയും വെെകീട്ടുമായി സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. ഈ സമയത്ത് റോഡിലെ കുഴിയിൽ വീഴാതിരിക്കാനായി വാഹനങ്ങൾ വെട്ടിച്ചതിനെ തുടർന്ന് കാൽനടയാത്രക്കാരെ ചെന്നിടിക്കാൻ പോയ സന്ദർഭങ്ങളുമുണ്ട്.
റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാന വഴിയായതുകൊണ്ടുതന്നെ ദിവസം നൂറുകണക്കിനാളുകളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ആയതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.