”ഈ കുഴികളെങ്കിലും ഒന്ന് മൂടിത്തന്നുകൂടേ” തിരുവങ്ങൂരിലെ ദേശീയപാതയിലും സര്‍വ്വീസ് റോഡിലും പലയിടത്തും വലിയ കുഴികള്‍, വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ടിവരുന്നത് കാരണം ഗതഗാതക്കുരുക്ക് പതിവ്
തിരുവങ്ങൂര്‍: റോഡിലെ വലിയ കുഴി കാരണം ദേശീയപാതയില്‍ തിരുവങ്ങൂര്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് അടുത്തായി ബൈപ്പാസ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായ ഭാഗത്തുനിന്നും പഴയ റോഡിലേക്ക് ഇറങ്ങുന്നിടത്ത് വലിയ കുഴിയുണ്ട്. ഈ കുഴി മറികടക്കാന്‍ വാഹനങ്ങള്‍ പതുക്കെ പോകേണ്ടിവരുന്നത് കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്.
തിരുവങ്ങൂരില്‍ അടിപ്പാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗത്തെ സര്‍വ്വീസ് റോഡാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാകുന്നത്. ഈ സര്‍വ്വീസ് റോഡിലും വലിയതോതിലുള്ള കുഴി രൂപപ്പെട്ടതിനാല്‍ വെങ്ങളം ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.
സ്‌കൂള്‍ തുറന്നതോടെ രാവിലെയും വൈകുന്നേരവും ഇവിടെ നീണ്ട ഗതാഗതക്കുരുക്ക് പതിവാണ്. ചെറുവാഹനങ്ങള്‍ ഈ കുഴിയില്‍പ്പെട്ട് വീഴാനും അപകടപ്പെടാനും സാധ്യതയും ഏറെയാണ്. എത്രയും പെട്ടെന്ന് തന്നെ കുഴി താല്‍ക്കാലികമായി മൂടാനെങ്കിലുമുള്ള നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
അടിപ്പാതയുടെ പണി നടക്കുന്നതിനാല്‍ തിരുവങ്ങൂര്‍ മേഖലയില്‍ പലയിടത്തും മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇതിനിടയില്‍ റോഡിലെ കുഴി കൂടിയാവുമ്പോള്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമുള്ള സാധ്യത ഏറുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ഇവരുടെ സുരക്ഷയ്ക്ക് കൂടി ഭീഷണിയാണ് റോഡിലെ അപകടക്കുഴികള്‍.