കൊയിലാണ്ടിയില്‍ ഇനി കലാപരിപാടികള്‍ അരങ്ങുണരും; കാട്മൂടിക്കിടന്നിരുന്ന നഗരസഭയുടെ മണക്കുളങ്ങര മിനിസ്റ്റേഡിയം ഇനി ജനങ്ങളിലേയ്ക്ക്, നവീകരണത്തിനായി എട്ടരലക്ഷം രൂപ അനുവദിച്ചു


കൊയിലാണ്ടി: ദീര്‍ഘകാലമായി കാട്മൂടിക്കിടന്ന നഗരസഭയുടെ മണക്കുളങ്ങര മിനിസ്റ്റേഡിയം ഇനി ഉണരും. സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി എട്ടര ലക്ഷം രൂപ നഗരസഭ അനുവദിച്ചു. നവീകരണ പരിപാടികള്‍ ആരംഭിച്ചിട്ട് രണ്ട് ദിവസങ്ങള്‍ പിന്നിടുന്നു. ടോയ്‌ലറ്റുകളും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്താവുന്ന തരത്തിലേയ്ക്ക് മാറ്റിയെടുക്കാനാണ് തീരുമാനം.

കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞും പുല്ലും മറ്റും കുന്ന്കൂടിക്കിടന്നിരുന്ന മിനിസ്റ്റേഡിയം സാമുഹ്യവിരുദ്ധരുടെ താവളമായിരുന്നു. നഗരസഭയുടെ കേരളോത്സവം പരിപാടിയുടെ ഭാഗമായി കായിക മത്സരങ്ങള്‍ ഇവിടെ വെച്ചായിരുന്നു നടത്തിയത്. പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാതിരുന്നത് കായികതാരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ എട്ടര ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

പണി പൂര്‍ത്തിയാവുന്നതോടെ ബാത്‌റൂം, വസ്ത്രംമാറാനുള്ള മുറികള്‍ തുടങ്ങി കൂടുതല്‍ സൗകര്യങ്ങളാണ് ഒരുക്കുക. നവീകരണത്തിന്റെ ഭാഗമായി പവലിയന്‍ ടൈല്‍സ് ഒട്ടിച്ച് സൗകര്യപ്പെടുത്തുമെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പറഞ്ഞു. കായിക പരിപാടികള്‍ക്ക് പുറമെ കലാപരിപാടികളും നടത്താന്‍ കഴിയുന്ന മട്ടിലാണ് സ്റ്റേജ് പുനര്‍ നിര്‍മ്മിക്കുന്നത്. കായിക താരങ്ങളും കലാകരന്‍മാര്‍ക്കും ഉള്‍പ്പെടെ വലിയ സൗകര്യമായിരിക്കും പണി പൂര്‍ത്തിയാകുന്നതോടെ ലഭിക്കാന്‍ പോവുന്നത്.

Summary: The Municipal Corporation has sanctioned eight and a half lakh rupees for the renovation of the ministadium.