‘കാലിലും ചെരിപ്പിലും പറ്റിപ്പിടിച്ചിരുന്ന ചെളിയും, നൽകിയ ടിക്കറ്റിലെ സമയ വ്യത്യാസവും ശ്രദ്ധയിൽപ്പെട്ടു’; സ്വർണ്ണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളനെ തന്ത്രപൂർവ്വം പൂട്ടിലാക്കി പേരാമ്പ്ര സ്വദേശി ആർ.പി.എഫ് ഉദ്യോഗസ്ഥൻ ശ്രീകാന്ത്
പേരാമ്പ്ര: ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് കൈക്കലാക്കിയ മോഷ്ടാവിനെ തന്റെ അവസരോചിതമായ ഇടപെടലിലൂടെ കുടുക്കിയിരിക്കുകയാണ് പേരാമ്പ്ര സ്വദേശിയായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ശ്രീകാന്ത്. ബുധനാഴ്ച രാത്രി കൊങ്കൺ റെയിൽവേയിൽ മംഗളൂരുവിനെ സമീപം തൊക്കൂർ സ്റ്റേഷനിൽ വച്ച് നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന വൃദ്ധ ദമ്പതികളുടെ 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് പെട്ടന്നൊരാൾ പിടിച്ച് പറിച്ച് ഓടുകയായിരുന്നു. മോഷ്ടാവ് പിന്നീട് ആ സ്റ്റേഷനിൽ സിഗ്നൽ ക്ലിയറിനു വേണ്ടി നിർത്തിയിട്ടിരുന്ന തിരുനെൽവേലി ദാദർ എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വൃദ്ധ ദമ്പതികൾ ഉടൻ വണ്ടിയിൽ ഉണ്ടായിരുന്ന ടിക്കറ്റ് പരിശോധകന് പരാതി നൽകുകയും അദ്ദേഹം ഇത് ഉടുപ്പി സ്റ്റേഷനിലെ പേരാമ്പ്ര സ്വദേശിയായ ശ്രീകാന്തി കൈമാറുകയും ചെയ്തു. മോഷ്ടാവിന്റെ ഏകദേശം രൂപവും മനസിൽ വച്ച് പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാന്ത് ഉടുപ്പി സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്നു. അപ്പൊഴാണ് അല്പം മാറി സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പുകവലിച്ചിരിക്കുന്ന ആളെ ശ്രദ്ധയിൽപ്പെട്ടത്. പരാതിയിൽ പറഞ്ഞ ആളിന്റെ ഏകദേശം രൂപം തോന്നിയപ്പോൾ ശ്രീകാന്ത് അയാളുടെ അരികിൽ ചെന്നു. കാലിലും ചെരുപ്പിലും പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിൻറെ ടിക്കറ്റ് ചോദിച്ചപ്പോൾ നൽകിയ ടിക്കറ്റിൽ സമയത്തിലെ വ്യത്യാസം കൊണ്ടും സംശയം തോന്നിയപ്പോൾ സിഗരറ്റ് വലിച്ചതിന് ഫൈനടക്കണമെന്ന വ്യാജേനെ ഇയാളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ദേഹ പരിശോധനയിൽ വൃദ്ധ ദമ്പതികളുടെ മോഷണം പോയ ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. മോഷണം പോയ ആഭരണങ്ങൾ ഇയാൾ കഴുത്തിലണിഞ്ഞ് ഒരു ഷാൾ കൊണ്ട് മറച്ചു വച്ചിരുന്നു.
ശ്രീകാന്തിന്റെ അവസരോചിതമായ ഇടപെടൽ വൃദ്ധ ദമ്പതികൾക്ക് സ്വർണ്ണം തിരിച്ചുകിട്ടാൻ സഹായകമാവുകയായിരുന്നു. ഡിപ്പാർട്ട്മെന്റിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീകാന്ത്. പേരാമ്പ്ര പാലേരി വഞ്ചിവയലിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ശ്രീകാന്ത്.