ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനയില്‍ രണ്ട് ബസ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസ്
മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിരുന്നതായി എസ്.ഐ ജയന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥി ബസ്സില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ നെറ്റിയ്ക്ക് ഉന്തുകയും ബസ്സില്‍ കയറാന്‍ സമ്മതിച്ചില്ലെന്ന് പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അതിരാവിലെ മുതല്‍ പരിശോധന നടത്തിയതെന്ന് എസ്.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പതിനേഴോളം ബസ്സുകളാണ് ഇന്ന് രാവിലെ മുതല്‍ പരിശോധിച്ചത്. ബ്രീത്തിംങ് അനലൈസര്‍ ഉപയോഗിച്ച് ഡ്രൈവര്‍മ്മാരെയും കണ്ടക്ടറെയും പരിശോധിച്ചപ്പോള്‍ KL 56 y 9077, KL 13 AE 0441 എന്നീ രജിസ്ട്രേഷനിലുള്ള രണ്ട് ബസ്സുകളിലെ ഡ്രൈവര്‍മ്മാരെയാണ് മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. ഡ്രൈവര്‍ ഷിനില്‍, ഡ്രൈവര്‍ സൂര്യപ്രകാശ് എന്നിവരുടെ പേരില്‍ ഡ്രങ്കണ്‍ ഡ്രൈവ് പ്രകാരം കേസ് എടുത്തതായി എസ്.ഐ ജയന്‍ പറഞ്ഞു. മോട്ടോര്‍ വെഹിക്കില്‍ ആക്ട് പ്രകാരം ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുവാന്‍ വേണ്ടി എം.വി.ഡിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം വണ്ടി ഉടമയ്ക്ക് വിട്ടുകൊടുത്തു.