ഫിറ്റ്‌നസുള്ള വാഹനങ്ങളേ നിരത്തിലിറക്കാവൂ, വാഗാഡ് വാഹനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കമ്പനിയുടെ ഉറപ്പ്; തീരുമാനമായത് ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് വിളിച്ചുചേർത്ത യോഗത്തില്‍


കൊയിലാണ്ടി: നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വാഗാഡ് ലോറികള്‍ മാത്രം ഇനി നിരത്തിലിറക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് തീരുമാനം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തി ഏറ്റെടുത്ത വാഗാഡ് കമ്പനിയുടെ വാഹനത്തിന്റെ ഊരിത്തെറിച്ച ടയര്‍ തട്ടി വയോധിക മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കൊയിലാണ്ടിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പൊലീസും ആര്‍.ടി.ഒയും പരിശോധിച്ച് ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങൂവെന്ന് ഉറപ്പുവരുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത ആര്‍.ടി.ഒ, പൊലീസ്, മോട്ടോര്‍വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍, വാഗാഡ് പ്രതിനിധികള്‍ എന്നിവര്‍ ഉറപ്പുനല്‍കി. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉറപ്പുവരുത്തുമെന്നും, അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് വാഗാഡ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും യോഗം തീരുമാനിച്ചു.

വയോധികയുടെ മരണത്തിന് പിന്നാലെ, വാഗാഡ് ലോറികള്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയും നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിരത്തിലിറക്കുന്നതിനെതിരെ ജനരോഷം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വാഗാഡ് ലോറികള്‍ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തത്. യോഗ തീരുമാനം നടപ്പായില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലിറക്കുന്ന വാഗാഡ് ലോറികള്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ.അജിത് മാസ്റ്റര്‍, കൊയിലാണ്ടി ജോയിന്റ് ആര്‍.ടി.ഒ, സി.പി.എം എരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ബബീഷ്, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ടി.സിജേഷ്, കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണു, വാഗാഡ് കമ്പനികള്‍ പ്രതിനിധികള്‍, അദാനി കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.