മഴ കനത്തത്തോടെ ഭീതിയിലായി നാട്ടുകാര്‍; കൊല്ലം കുന്ന്യോറ മലയില്‍ വീണ്ടും മണ്ണിടിച്ചില്‍


കൊയിലാണ്ടി: മഴ കനത്തത്തോടെ നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളിലാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. റോഡ് മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞതോടെ ഇതിലൂടെ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ഥലത്തെ കല്ലും മണ്ണും മാറ്റിക്കൊണ്ടിരിക്കുകയാണ്.

ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്ന്യോറമലയുടെ ഭാഗങ്ങള്‍ ഇടിച്ചിരുന്നു. എന്നാല്‍ റോഡിന് ആവശ്യമായ സ്ഥലം കഴിഞ്ഞിട്ടും മലയുടെ അടിഭാഗം തുരന്നതാണ് മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. 30 അടി താഴ്ചയോളം മണ്ണാണ് ഇവിടെ നിന്ന് എടുക്കുന്നത്. മണ്ണിടിഞ്ഞതിന്റെ സമീപത്തായി 12 ഓളം വീടുകള്‍ അപകടാവസ്ഥയിലാണുളളത്. കഴിഞ്ഞ ഏപ്രിലിലും സമാനമായ രീതിയില്‍ ഇവിടെ മണ്ണിടിഞ്ഞിരുന്നു.

മലയുടെ അടിഭാഗം തുരന്ന് മണ്ണ് എടുക്കുന്നതിനെതിരെ ആറുമാസത്തോളമായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചത്.

ശക്തമായ മഴ തുടരുകയാണെങ്കില്‍ മല ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. നിലവില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഹൈവേ അതോറിറ്റിയുടെ ഭാഗത്തുനിന്നും എഞ്ചീനിയര്‍മാര്‍ അല്ലാതെ മറ്റാരും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വാര്‍ഡ് മെമ്പര്‍ സുമതി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.