15 കുടുംബങ്ങളുടെ ആശ്രയമായിരുന്ന കിണര്‍, രണ്ടാഴ്ചയോളമായി പരിസരത്തെ മലിനജലം കെട്ടിക്കിടക്കുന്ന ഇടമായി മാറി; തിക്കോടി സുനാമി പുനരധിവാസ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍
തിക്കോടി: തിക്കോടി സുനാമി പുനരധിവാസ ക്വാട്ടേഴ്‌സിന് സമീപമുള്ള കിണറില്‍ പുറത്തുള്ള മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായ നിലയില്‍. രണ്ടാഴ്ച മുമ്പാണ് കിണറിലെ വെള്ളം ശുദ്ധീകരിക്കാനുള്ള ശ്രമത്തിനിടെ റിങ്ങിലെ ദ്വാരങ്ങളിലൂടെയും മറ്റും പുറമേനിന്നും വലിയ തോതില്‍ മലിനജലം കിണറിലേക്ക് ഊര്‍ന്നിറങ്ങിയതോടെയാണ് കിണര്‍ ഉപയോഗ ശൂന്യമായത്.
സുനാമി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന 15 ഓളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ഈ കിണറെന്ന് പ്രദേശവാസിയായ കെ.പി.സുരാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ ലോറിയില്‍ വരുന്ന വെള്ളം അടുത്ത വീടുകളില്‍ നിന്നുള്ള വെള്ളവുമാണ് ആശ്രയം. ഇത് എത്രകാലമുണ്ടാവുമെന്ന് അറിയില്ലെന്നും സുരാജ് പറഞ്ഞു.
കിണര്‍ വെള്ളം മലിനമായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതര്‍ സ്ഥലം പരിശോധിച്ചിരുന്നെന്ന് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കിണറിന് സമീപത്തായുള്ള മതിലിന് അപ്പുറം റെയില്‍വേയുടെ ഭൂമിയാണ്. ഇവിടെ മാലിന്യങ്ങള്‍ വന്നടിയുന്ന ഒരു കുഴിയുണ്ട്. മതില്‍ തകര്‍ന്നതിനാല്‍ നല്ല മഴയുള്ളപ്പോള്‍ ഈ കുഴിയില്‍ നിന്നടക്കമുള്ള മലിന ജലം കിണറുള്ള ഭാഗത്തേക്ക് വരികയും കിണര്‍ താഴ്ന്ന ഇടത്തായതിനാല്‍ അതിനുള്ളിലേക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് മനസിലായതെന്നും പ്രസിഡന്റ് പറഞ്ഞു.
മലിനജലമായതിനാല്‍ ഇത് ഒരു ആവശ്യത്തിനും ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിണര്‍ ശുദ്ധീകരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കുന്നുണ്ട്. പരിസരഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുന്നതടക്കം പരിഗണിക്കും. ഫണ്ട് ലഭ്യതയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, കുടിവെള്ള പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ റെയില്‍വേയുടേതടക്കമുള്ള സ്ഥലങ്ങളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകും മറ്റും പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവിടുത്തുകാര്‍ ആവശ്യപ്പെടുന്നു.