‘കലിയാ കലിയാ കൂ… കൂ…’; വര്‍ഷങ്ങളുടെ പഴമ കൈവിടാതെ മേപ്പയൂർ മൂട്ടപ്പറമ്പിലെ പ്രദേശവാസികള്‍, ആചാരനുഷ്‌ഠാനങ്ങളോടെ ഇത്തവണയും കലിയനെ വരവേറ്റു


മേപ്പയൂർ: ആചാരനുഷ്‌ഠാനങ്ങളോടെ മേപ്പയൂരിലെ മൂട്ടപ്പറമ്പിൽ ഈ വര്‍ഷത്തെ കലിയനെ വരവേറ്റു. നാട്ടുകാരുടെ കൂട്ടായ്മയിലാണ്‌ കലിയന് കൊടുക്കൽ ആഘോഷം നടത്തിയത്‌. ഘോഷയാത്രയ്ക്ക് കൂനിയത്ത് നാരായണൻ കിടാവ്, സുനിൽ ഓടയിൽ, ശിവദാസ് ശിവപുരി, എം.പി. കേളപ്പൻ, പി.സി കുഞ്ഞിരാമൻ നമ്പ്യാർ, പി.സി നാരായണൻ നമ്പ്യാർ, ഫൈസൽ മുറിച്ചാണ്ടി, സി.കുഞ്ഞിരാമൻ, പി.കെ സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമാണ് ഈ ചടങ്ങ് നടത്തുന്നത്‌. വാഴത്തടകൊണ്ട് കൂട്, പ്ലാവില കൊണ്ട് പൈക്കള്‍……കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളോടെ വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി എന്നിവ ഉണ്ടാക്കിവെക്കും. ശേഷം അതിന് പുറമെ പഴുത്ത പ്ലാവില കൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും വെക്കും. മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ലാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാം വച്ച് ഇലയില്‍ ചോറും കറികളും വിളമ്പി വെച്ച ശേഷം സന്ധ്യ മയങ്ങിയതോടെ, ചൂട്ടുകത്തിച്ച് ഒരാള്‍, പാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍ തൊട്ടു പുറകെ നടക്കുന്നതാണ് ചടങ്ങ്‌. പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു. കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ കൂവി വിളിച്ചാണ് വീടിന് ചുറ്റും നടക്കുക.

ഒടുവില്‍ ഇതെല്ലാം ഒരു പ്ലാവിവിന്റെ ചുവട്ടില്‍ കൊണ്ടു വെച്ച് പ്ലാവില്‍ ചരല്‍ വാരി എറിയും. തുടർന്ന് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങും. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മേപ്പയൂരിനടുത്ത മൂട്ടപ്പറമ്പിൽ നാട്ടുകാരുടെ കൂട്ടായ്മ ഇന്നും നിഷ്ടയോടെ ഈ ആചാരം നിറം മങ്ങാതെ ആചരിക്കുന്നു. ചടങ്ങിന് ശേഷം പായസ വിതരണവും നടന്നു.