കൊയിലാണ്ടി സ്വദേശിയായ യുവാവ് മാഹി റെയിൽവേ ട്രാക്കിൽ; ജീവിതത്തിലേക്ക് കൈ പിടിച്ച് പോലീസ്


മാഹി: പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ കൊയിലാണ്ടി സ്വദേശിയായ പതിനെട്ടുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. മാഹി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നില്‍ക്കുകയായിരുന്ന യുവാവിനെയാണ് ചോമ്പാല പോലീസ് രക്ഷിച്ചത്.

കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് കൊയിലാണ്ടി സ്റ്റേഷനില്‍ പരാതി കിട്ടിയതിനെതുടര്‍ന്ന് ബുധനാഴ്ച മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മാഹി ഭാഗത്തായിരുന്നു ലൊക്കേഷന്‍ കാണിച്ചത്. യുവാവിന്റെ അച്ഛന്‍ ഒരുവര്‍ഷംമുമ്പ് മരിച്ചിരുന്നു. സഹോദരി മൂന്നുദിവസം മുമ്പും മരിച്ചു. തുടര്‍ന്ന് യുവാവ് വീടുവിട്ടിറങ്ങുകയായിരുന്നു.

ഈ വിവരവും യുവാവിന്റെ ചിത്രവും കൊയിലാണ്ടി സ്റ്റേഷനില്‍നിന്ന് ഉടന്‍ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് അയയ്ച്ചതിനെ തുടര്‍ന്ന് അഴിയൂര്‍ ദേശീയപാതയില്‍ പട്രോളിങ്ങിലായിരുന്ന എസ്.ഐ. പ്രശോഭും പോലീസുകാരും വിവരം കിട്ടിയ ഉടന്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.

ട്രാക്കിലൂടെ മംഗളൂരു- കോയമ്പത്തൂര്‍ എക്സ് പ്രസിന് നേരെ ഓടിയ യുവാവിനെ പോലീസുകാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞതാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായത്. യുവാവിന് പിന്നീട് കൗണ്‍സലിങ്ങും നല്‍കി. ചോമ്പാല എസ്.ഐ. എം. പ്രശോഭ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി. ചിത്രദാസ്, പി.ടി. സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്.