ബാലുശ്ശേരി മഞ്ഞപ്പുഴ തീരത്ത് കുടുങ്ങി കുടുംബം; കുത്തിയൊലിക്കുന്ന നദിയ്ക്ക് കുറുകെ കയര്‍ കെട്ടി കടന്ന് സാഹസികമായി രക്ഷിച്ച് കൊയിലാണ്ടി അഗ്നിരക്ഷാ സേന


ബാലുശ്ശേരി: ബാലുശ്ശേരി മഞ്ഞപ്പാലത്ത് മഞ്ഞപ്പുഴ തീരത്ത് ഒറ്റപ്പെട്ട കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 6 മണിയോടെയാണ് കൊയിലാണ്ടി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുന്നത്. സേന എത്തിയപ്പോഴേക്കും പുഴയില്‍ വലിയ കുത്തൊഴുക്കായിരുന്നു.

മൂന്നാള്‍പൊക്കം വെള്ളത്തില്‍ പുഴയ്ക്ക് കുറുകെ കയര്‍ കെട്ടി കയര്‍മാര്‍ഗമാണ് കുടുംബത്തെ രക്ഷിച്ചത്. നാല് പേരടങ്ങുന്ന കുടുംബമാണ് പുഴക്ക് തീരത്ത് ഒറ്റപ്പെട്ടുപോയത്. വലിയ കുത്തൊഴുക്കിലും യാതൊരു പരിക്കുകളും കൂടാതെ അക്കരക്കെത്തിച്ചിരിക്കുകയാണ് നാട്ടുകാരും കൊയിലാണ്ടി അഗനിരക്ഷാ സേനയും. പല തവണ ഒഴുക്കില്‍ കാല്‍പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.



ജൂനിയര്‍ എ.എസ്.ടി.ഒ ബാബു പി.കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ്‌കുമാര്‍, ഇര്‍ഷാദ് പി.കെ, ജാഹിര്‍, എസ്.സി ജിലേഷ്, ഹോംഗാര്‍ഡുമാരായ ബാലന്‍, രാജേഷ് കെ.പി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.