”കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂര പൊളിച്ചിട്ടിട്ട് രണ്ടാഴ്ച”; പ്രതിഷേധവുമായി കൊയിലാണ്ടി റെയിവേ വികസന സമിതി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ മേല്‍ക്കൂര പൊളിച്ചിട്ടതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കൊയിലാണ്ടി റെയിവേ വികസന സമതി. റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം നമ്പര്‍ ഫ്‌ലാറ്റ് ഫോമില്‍ നൂറോളം മീറ്റര്‍ മേല്‍ക്കൂര നവീകരണ ത്തിന്റെ പേരില്‍ പൊളിച്ചിട്ട് ദിവസങ്ങള്‍ ആയെന്നും കനത്ത മഴ പെയ്ത ഈ ദിവസങ്ങള്‍ നൂറു കണക്കിന് യാത്രക്കാര്‍ മഴ നനഞ്ഞാണ് ട്രെയിന്‍ കാത്തിരിക്കുന്നതും ട്രെയിന്‍ കയറുന്നതെന്നും ആരോപിച്ചാണ് വികസന സമിതി പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്ലാറ്റ് ഫോമില്‍ ഭൂരിഭാഗവും മേല്‍ക്കൂര ഇല്ലാതെ ഒഴിഞ്ഞുകിടക്കുമ്പോള്‍ ആണ് ഉള്ള മേല്‍ക്കൂര പൊളിച്ചിട്ടതെന്നും റെയില്‍വേ സ്റ്റേഷന്‍ പരിമിതികള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന അവസ്ഥ അധികൃതരെ പലതവണ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലന്നും റെയില്‍വേ വികസ സമിതി ആരോപിച്ചു.

രണ്ടാഴ്ചയായി മേല്‍ക്കൂര പൊളിച്ചിട്ടിട്ടെന്നും ഇതുവരെയും പുനര്‍നടപടികള്‍ ആരംഭിച്ചില്ലെന്നും കൊയിലാണ്ടി റെയിവേ വികസന സമിതി അംഗം സുധര്‍മന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രസിഡന്റ് ശശിധരന്‍ മണക്കാട് സെക്രട്ടറി സുമേഷ്, സുധര്‍മന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചു.