അർജുന്റെ തിരിച്ചുവരവിനായി നാട് കാത്തിരിക്കുന്നു; രക്ഷാദൗത്യത്തിന് സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും, പ്രാര്‍ത്ഥനയോടെ കുടുംബം


Advertisement

കൂരാച്ചുണ്ട്: ഷിരൂരില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവരെ കണ്ടെത്താനായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീം അപകടസ്ഥലത്തെത്തി. ദുരന്ത മേഖലകളില്‍ വേഗത്തില്‍ ഇടപെടാന്‍ പരിശീലനം നേടിയ കെ.ആര്‍.ടീമിന്റെ എട്ടംഗ സംഘമാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഥലത്തെത്തിയത്.

Advertisement

എന്‍.ഡി.ആര്‍.എഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ട് വാഹനങ്ങളിലായി സംഘം എത്തിയത്. റെസ്‌ക്യൂ ടീം ട്രെയ്നർ ബിജു കക്കയത്തിന്റെ നേതൃത്വത്തില്‍ ഷമീർ പിച്ചൻവീട്ടിൽ, സാദിഖ്‌ ഓണാട്ട്, റിനോജ് ജോസ്, ഷെഫീഖ്‌ മൂസ, പി.എം.സിയാദ്, മുസ്തഫ ചിറക്കൽ, ബഷീർ കൊല്ലി എന്നിവരാണ് ടീമിലുള്ളത്‌. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നതും ചെളിമണ്ണും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി റെസ്‌ക്യൂ ടീം ട്രെയ്നർ ബിജു കക്കയം പറഞ്ഞു.

Advertisement

അതേ സമയം അർജുനടക്കമുള്ളവര്‍ക്കായി തിരച്ചില്‍ നടത്താനായി കരസേന ഷിരൂരില്‍ എത്തിയിട്ടുണ്ട്. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ്‌ സൈന്യം സ്ഥലത്തെത്തിയത്‌.

Advertisement