മനോരമ ന്യൂസ് സംഘടിപ്പിച്ച തല്ലിപ്പൊളി റോഡുകള്‍ക്കുള്ള പുരസ്‌ക്കാരം; കുഴി രത്‌ന പുരസ്‌ക്കാരം കൊയിലാണ്ടി കൊല്ലം-മേപ്പയൂര്‍ റോഡിന്


കൊയിലാണ്ടി: മനോരമ ന്യൂസ് സംഘടിപ്പിച്ച കുഴിവഴി ജാഥ എന്ന പരിപാടിയുടെ തല്ലിപ്പൊളി റോഡിനുള്ള പുരസ്‌ക്കാരം കൊയിലാണ്ടി കൊല്ലം-മേപ്പയൂര്‍ റോഡിന്. കുഴി രത്‌ന പുരസ്‌ക്കാരമാണ് കൊയിലാണ്ടി കൊല്ലം-മേപ്പയൂര്‍ റോഡിന് ലഭിച്ചത്.
കുഴി ശ്രീ പുരസ്‌കാരം മലപ്പുറം പുലാമന്തോള്‍-പെരിന്തല്‍മണ്ണ റോഡിനും ലഭിച്ചു.

കേരളത്തിലെ ഏറ്റവും മോശമായ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് മനോരമ ന്യൂസ്ചാനല്‍ നടത്തിയ പരിശോധനയില്‍ ഏറ്റവും മോശം റോഡായി തെരഞ്ഞെടുക്കപ്പെട്ടത് മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡാണ്. മനോരമ ന്യൂസ് ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു.

റോഡിലെ കുണ്ടും കുഴിയും കാരണം റോഡ്ഗതാഗതം വലിയ ബുദ്ധിമുട്ടാണ് കൊയിലാണ്ടി കൊല്ലം-മേപ്പയൂര്‍ റോഡ് നേരിടുന്നത്. മഴ പെയ്താല്‍ റോഡ് മുഴുവനായും വെള്ളക്കെട്ടില്‍ മുങ്ങുന്നതും കുഴിയും റോഡും ഏതാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജല്‍ജീവന്‍ പണിയുടെ ഭാഗമായി റോഡിന്റെ ഒരുഭാഗം കീറിയതോടെ ഗതാഗത തടസ്സം ഒന്നുകൂടി മുറുകിയിരുന്നു.

മേപ്പയൂര്‍- കൊല്ലം റോഡില്‍ നടുവത്തൂര്‍ വളവില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും നിരന്തരം പ്രതിഷേധവുമായി മാര്‍ച്ചും മറ്റും സംഘടിപ്പിച്ചിട്ടും റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായിരുന്നില്ല.

മൂന്നു വര്‍ഷം മുന്‍പ് 39 കോടി രൂപ റോഡിന്റെ വികസനത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തി നടക്കാത്തതിനാല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലക്കായിരുന്നു നിലവിലെ റോഡ് 2 കോടിക്ക് റീ ടാറിങ്ങ് നടത്തുക എന്നത്. എന്നാല്‍ ആ പ്രവൃത്തിയും പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തലസ്ഥാനത്തുനിന്ന് ആരംഭിച്ച മനോരമ ന്യൂസ് ചാനലിന്റെ പരിപാടി കുഴിവഴി ജാഥാ ദേശീയപാത, പിഡബ്ല്യൂഡി, പഞ്ചായത്ത് വഴികളിലൂടെയായിരുന്നു സഞ്ചാരം. കുഴി നിറഞ്ഞ റോഡുകളില്‍ ഓരോരോ ലെമണ്‍ സ്പൂണ്‍, ലോങ്ജമ്പ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.