മണിയൂർ മുടപ്പിലാവിലെ അനുരൂപിന്റെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി പോലീസ് സംഘടന; വീടിന്റെ താക്കോൽ സ്പീക്കർ എ.എൻ ഷംസീർ കുടുംബത്തിന് കൈമാറി


മണിയൂർ: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മണിയൂർ മുടപ്പിലാവിൽ കൂത്തപ്പള്ളി താഴെ കുനി അനുരൂപിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കേരള പോലീസ് അസോസിയേഷൻ. രളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണ വലയം തീർത്തു കൊണ്ട് മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ കൃത്യനിർവ്വഹണം നടത്തുന്നതിന് സംഘടനയുടെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്നും നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അനുരൂപിന്റെ കുടുംബത്തിന് താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ധേഹം.

അപകടം നടക്കുമ്പോൾ അനുരൂപിന്റെ വീട് പണി തുടക്കത്തിലായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ വീട്ടിലേക്ക് തിരിച്ചെത്തിയ അനുരൂപിന്റെ സ്വപ്‌ന ഭവനം പൂർത്തിയാക്കാൻ സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗങ്ങളിൽ നിന്നും ആദ്യപടിയായി 100രൂപ വീതം സമാഹരിച്ചു. ഇങ്ങനെ ലഭിച്ച 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടു പണി പൂർത്തിയാക്കിയത്.

താക്കോൽ ദാന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ്.എസ്.ആർ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി, ജില്ലാ പോലീസ് മേധാവി നിധിൻരാജ്.പി. ഐപിഎസ്, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, കെപിഒഎ സംസ്ഥാന ജന: സെക്രട്ടറി സി.ആർ ബിജു , കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, സംഘാടക സമിതി കൺവീനർ സുഖിലേഷ്.പി എന്നിവർ സംസാരിച്ചു.