വടകരയില്‍ കാരവാനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, മരണകാരണം ഗ്യാസ് ചോര്‍ച്ചയെന്ന് നിഗമനം


വടകര: വടകരയില്‍ കരവാനിനകത്ത് യുവാക്കള്‍ മരിച്ചത് എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് നിഗമനം. നാല് മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താന്‍ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗവും വാഹന നിര്‍മാതാക്കളും ചേര്‍ന്ന് പരിശോധന നടത്തും.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂര്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

എസിയില്‍ നിന്നോ കാരവാനില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നോ വിഷവാതകം വന്നതാകാം മരണകാരണം എന്നാണ് പൊലീസ് നിഗമനം. സംശയിക്കാവുന്ന മറ്റ് തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല.

മലപ്പുറം എടപ്പാളില്‍ ഫ്രണ്ട് ലൈന്‍ ഹോസ്പിറ്റാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം. KL 54 P 1060 വാഹനത്തില്‍ എടപ്പാളില്‍നിന്നും വിവാഹ പാര്‍ട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരില്‍ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവര്‍ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്.

Summary: Two people died in a caravan in Vadakara; The inquest proceedings were completed and the cause of death was concluded to be gas leakage