കനത്തമഴയും കാറ്റും; കൊയിലാണ്ടി ചെറിയമങ്ങാട് വീടിന് മുകളിലേയ്ക്ക് മരം വീണ് വിള്ളല്‍


കൊയിലാണ്ടി: കനത്തമഴയിലും കാറ്റിലും മരം വീണ് വീടിന് വിള്ളല്‍. കൊയിലാണ്ടി നഗരസഭ 35 ആം വാര്‍ഡ് ചെറിയമങ്ങാട് അനിലിന്റെ വീടിനാണ് മരം വീണ് വിള്ളല്‍ വന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വീടിന് സമീപത്തെ റോഡിനോട് ചേര്‍ന്നുള്ള വലിയ പുളിമരമാണ് നിലംപതിച്ചത്.

മരം വീണതിനെ തുടര്‍ന്ന് നിലവില്‍ അനിലിന്റെ വീടിന്റെ രണ്ടാം നിലയിലുള്ള ഒരു മുറിയല്‍ വിള്ളല്‍ വന്നിട്ടുണ്ട്. പുളിമരത്തിന്റെ വലിയ ചില്ലകള്‍ രണ്ടാംനിലയുടെ മുകളിലേയ്്ക്കാണ് പതിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വൈദ്യുത ലൈനും പൊട്ടിവീണിട്ടുണ്ട്. നിലവില്‍ ഈ ഭാഗത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മരം മുറിച്ചുമാറ്റാനും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുമുള്ള നടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന് വീട്ടുകാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.