ചരിത്രസെമിനാറും, പ്രഭാഷണവും മജ്‌ലിസുന്നൂറും; ചരിത്രപ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29ന്



കൊയിലാണ്ടി: ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി – കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം പാറപ്പള്ളി കുന്നില്‍ അന്ത്യവിശ്രമം കൊള്ളുന്ന പതിനാലോളം വരുന്ന പ്രമുഖരുടെ അനുസ്മരണമാണ് ഉറൂസ്.

പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകര്‍ കേരളത്തില്‍ കൊടുങ്ങല്ലൂരിലും കാസര്‍ഗോഡും പന്തലായനിയിലും എത്തിയെന്നാണ് ചരിത്രം. കൊല്ലത്ത് വന്ന മുസ്ലിംകള്‍ക്ക് അക്കാലത്തെ ഹൈന്ദവ നാടുവാഴികള്‍ നല്‍കിയ വരവേല്‍പ്പ് മത സൗഹാര്‍ദ്ദത്തിന്റെ തുടക്കമായിരുന്നു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി 29 ന് കാലത്ത് 8 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് ആരംഭിക്കും. രാവിലെ കാലത്ത് 10 മണിക്ക് പാറപ്പള്ളി പന്തലായനിയുടെ പൈതൃകം ചരിത്ര സെമിനാര്‍ കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍, ഡോ: രാഘവവാര്യര്‍ എന്നിവര്‍ മുഖ്യ അതിഥികളാകും.

പ്രമുഖ പ്രഭാഷകനും ചരിത്രാന്വേഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ: ശിവദാസന്‍, ഡോ: ശ്രീജിത്ത് എന്നിവര്‍ വിഷയാവതരണം നിര്‍വഹിക്കും. അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററാകും.

വൈകിട്ട് 6ന് എസ്.വൈ.എസ് കോഴിക്കോട് ജില്ല കമ്മിറ്റിയും – കൊല്ലം മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പാറപ്പള്ളി മജ്‌ലിസ്സുന്നൂര്‍ നടക്കും. സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് സനാഉള്ള ബാ അലവി തങ്ങള്‍, എ.വി.അബ്ദുറഹ്‌മാന്‍ മുസ്ല്യാര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സംസാരിക്കും. മാര്‍ച്ച് ഒന്നിന് രാത്രി നൂറെ അജ്മീര്‍ വലിയുദ്ദീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും.

മാര്‍ച്ച് രണ്ടിന് രാത്രി ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം സംസാരിക്കും. ഉറൂസ് മാര്‍ച്ച് 3ന് സമാപിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദുമാര്‍ ഖാസിമാര്‍, ഖത്തീബുമാര്‍ തുടങ്ങിയവര്‍ സമാപനത്തില്‍ പങ്കെടുക്കും.

സമാപന പ്രാര്‍ത്ഥന സദസ്സിന് ശൈഖുന ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഖാസി അബ്ദുള്‍ ജലീല്‍ ബാഖവി, മഹല്ല് പ്രസിഡന്റ് സിദ്ദീഖ് കുട്ടുംമുഖം, ഉറൂസ് ജനറല്‍ കണ്‍വീനര്‍ അന്‍സാര്‍ കൊല്ലം, തമീമുല്‍ അന്‍സാരി ദഅവ കോളേജ് പ്രിന്‍സിപ്പാള്‍ സുഹൈല്‍ ഹൈതമി പളളിക്കര, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബഷീര്‍ ദാരിമി പന്തിപ്പൊയില്‍, കണ്‍വീനര്‍ മൊയ്തീന്‍ മാസ്റ്റര്‍ നമ്പ്രത്തുകര എന്നിവര്‍ സംബന്ധിച്ചു.