പേരാമ്പ്ര താലൂക്ക് ആശുപത്രി ഇനി സ്മാർട്ട്; 76 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ആരോഗ്യമന്ത്രി തറക്കല്ലിട്ടു. 76 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നേരത്തേ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത കാലത്തായി സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി തുക അനുവദിച്ചായിരുന്നു കോടികള്‍ ചെലവ് വരുന്ന വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. അതുകൊണ്ട് തന്നെ അവ പൂര്‍ത്തിയാവാന്‍ പത്തും ഇരുപതും വര്‍ഷം എടുക്കുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കിഫ്ബി സംവിധാനം വന്നതോടെ വലിയ പദ്ധതികള്‍ക്കും ഒന്നിച്ച് തുക അനുവദിച്ച് അതിവേഗം നടപ്പിലാക്കാനുള്ള സാഹചര്യം ഒരുങ്ങിയതായും മന്ത്രി പറഞ്ഞു.
പുതിയ താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ 18 മാസമാണ് കരാറെങ്കിലും അടുത്ത വര്‍ഷം ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയാണ് പേരാമ്പ്രയിലേതെന്നും ഇവിടത്തെ ബ്ലോക്ക് വികസന ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കി വരുന്ന വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് സംസ്ഥാനത്തെ തന്നെ മികച്ച പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി വികസനം പുരോഗമിക്കുന്ന മുറയ്ക്ക് ഇവിടേക്ക് ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ വി റീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു.
മുന്‍ എംഎല്‍എമാരായ എ.കെ പദമനാഭന്‍ മാസ്റ്റര്‍, കെ കുഞ്ഞമ്മത് മാസ്റ്റര്‍, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ വി.കെ പ്രമോദ് (പേരാമ്പ്ര), ശാരദ പട്ടേരിക്കണ്ടി (നൊച്ചാട്), കെ.കെ ബിന്ദു (കൂത്താളി), എന്‍.ടി ഷിജിത്ത് (ചെറുവണ്ണൂര്‍), ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത് മെമ്പര്‍ വിനോദ് തിരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.പികെ ബൈജു നന്ദിയും പറഞ്ഞു.
Description: The Health Minister laid the foundation stone for the new building of Perampra Taluk Hospital