പയ്യോളി ബീച്ച് റോഡിലും പേരാമ്പ്ര റോഡിലും വില്‍ക്കാനായെത്തിച്ച മത്സ്യങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ച് ആരോഗ്യവിഭാഗം; പാതയോരത്തെ അനധികൃത മത്സ്യവില്‍പ്പന അനുവദിക്കില്ലെന്ന് അധികൃതര്‍


പയ്യോളി: പാതയോരത്തെ അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നടപടിയുമായി പയ്യോളി നഗരസഭാ ആരോഗ്യവിഭാഗം. അനധികൃതമായി മത്സ്യക്കച്ചവടം നടത്തിയവരില്‍ നിന്നും പൊലീസ് സഹായത്തോടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

പേരാമ്പ്ര റോഡില്‍ രണ്ടിടങ്ങളിലെയും ബീച്ച് റോഡില്‍ നാലിടങ്ങളിലെയും മത്സ്യങ്ങളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭാ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ മത്സ്യം പിക്കപ്പ് വാനില്‍ കയറ്റി നശിപ്പിക്കുകയായിരുന്നു.

പാതയോരത്തെ അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പലതവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഈ സാഹചര്യത്തിലാണ് മത്സ്യക്കച്ചവടക്കാര്‍ക്കെതിരെ നടപടിയാരംഭിച്ചതെന്നും പയ്യോളി എച്ച്.ഐ പ്രജീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും ഇത് സൂക്ഷിച്ച ബോക്‌സുകളും തൂക്ക ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യവിഭാഗത്തിന്റെ നടപടിയോട് വൈകാരികമായാണ് മത്സ്യത്തൊഴിലാളികള്‍ പ്രതികരിച്ചത്. തങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നും എടുത്തുമാറ്റാനുള്ള സമയം അനുവദിക്കൂവെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.

പയ്യോളി നഗരസഭാ പി.എച്ച്.ഐ മാരായ വൈബി പ്രശാന്ത്, വി.കെ.മജീദ്, എച്ച്.ഐ. ടി.പി പ്രജീഷ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പൊലീസ് സംഘവും ആരോഗ്യവകുപ്പിന് സഹായവുമായെത്തിയത്.

Summary: The Health Department seized and destroyed fish and equipment brought for sale on Payyoli Beach Road and Perambra