ജില്ലയില്‍ മലമ്പനി പടരുന്നു, ജാഗ്രതെ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കോഴിക്കോട്: ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റേയും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, കിണറുകളും കുടിവെള്ള ടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കല്‍, കൊതുക്, കൂത്താടി നശീകരണത്തിനായി സ്‌പ്രേയിംഗ്, എല്ലാ വാര്‍ഡുകളിലും കൂത്താടി നശീകരണം, ബോധവല്‍ക്കരണം എന്നീ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നുണ്ട്.
എന്താണ് മലമ്പനി
അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനം പുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണം. മറ്റു സംസ്ഥാനങ്ങള്‍, കേരളത്തിന്റെ പുറത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ മലമ്പനിയുടെ രക്ത പരിശോധന ചെയ്യുന്നത് ഉചിതമായിരിക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
*രാത്രികാലങ്ങളില്‍ ഉറങ്ങുമ്പോള്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗമായ കൊതുകു വല ഉപയോഗിക്കുക.
*എല്ലാ പ്രദേശങ്ങളിലും ആഴ്ചയിരിക്കല്‍ ‘ഡ്രൈ ഡേ’ ആചരിക്കുക.
*കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുക.
*കിണറുകള്‍, ടാങ്കുകള്‍ എന്നിവ വലയിട്ട് സുരക്ഷിതമാക്കുക
*കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയുടെ രോഗനിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്.