ആധുനിക കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മഹത് വ്യക്തി; ഇന്ന് കേളപ്പജി ദിനം


നിജീഷ്.എം.ടി

ഇന്ന് ഒക്ടോബര്‍ 7 കേളപ്പജിയുടെ ചരമദിനം,

കേരളഗാന്ധി ശ്രീ.കെ.കേളപ്പന്‍ എന്ന കേളപ്പജി.

രാഷ്ട്രീയ,
സാമൂഹിക,
സാംസ്‌കാരിക മൂല്യങ്ങള്‍ എത്ര തന്നെ മാറിയാലും
നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരാള്‍ കേരളത്തില്‍ ജീവിച്ചിരുന്നു. മറ്റാരുമല്ല കേരള ജനത ‘കേരള ഗാന്ധി’എന്ന് വിളിച്ചാദരിക്കുന്ന
കെ. കേളപ്പന്‍ എന്ന നമ്മുടെ സ്വന്തം കേളപ്പജിയെ!

കൊഴപ്പള്ളി തറവാട്ടില്‍ കുഞ്ഞമ്മയുടെയും തേന്‍പൊയില്‍ കണാരന്‍ നായരുടെയും മകനായി 1889 ആഗസ്റ്റ് 24 ന് മൂടാടി മുചുകുന്ന് പുത്തന്‍പുരയില്‍ എന്ന വീട്ടില്‍ കെ.കേളപ്പന്‍ ജനിച്ചു. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കി.

വക്കീല്‍ ഗുമസ്തനായ പിതാവിന് മകനെ പഠിപ്പിച്ച് വക്കീലാക്കുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെ കെ. കേളപ്പന്‍ ബോംബെയില്‍ തൊഴില്‍ ജീവിതം നയിച്ച് നിയമപഠനവും നടത്തി. ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ ശ്രീ.മന്നത്ത് പത്മനാഭനുമായുണ്ടായ സൗഹൃദത്തിലൂടെ 1914 നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകൃതമാവുകയും, NSS ന്റെ സ്ഥാപക പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു ശ്രീ.കെ.കേളപ്പന്‍.

ജാതിയുടെ പേരില്‍ മനുഷ്യന്‍, മനുഷ്യനെ അകറ്റി നിര്‍ത്തിയ ആ ഇരുണ്ട കാലത്തെ കേരളത്തിലെ ജാത്യാധിഷ്ഠിത സമൂഹത്തിലെ അനാചാരങ്ങളെ, നിരന്തരവും, നിര്‍ഭയവുമായ കലഹത്തിലൂടെയും സമരങ്ങളിലൂടെയും ആട്ടി അകറ്റണമെന്ന് കേളപ്പജി തിരിച്ചറിഞ്ഞത് സ്വന്തം നാട്ടില്‍ നിന്നു തന്നെയാണ്.

മനുസ്മൃതി നിയമങ്ങളാല്‍ ശ്രേണി ബന്ധമായ ജാതിക്രമത്തില്‍ ബ്രാഹ്‌മണ്യം അധിപന്മാരായി. ബ്രാഹ്‌മണ്യം നിത്യജീവിതത്തിലും മറ്റ് ജാതി- ഉപജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട 64 ആചാരങ്ങളിലാണ് തീണ്ടല്‍ , അയിത്തം തുടങ്ങിയ അരുതായ്മകള്‍ വന്നത്. തൊട്ടാലും, കണ്ടാലും, തീണ്ടിയാലും അശുദ്ധിയുണ്ടാകുന്ന പ്രാകൃത സങ്കല്പങ്ങള്‍, ഇന്ത്യാ രാജ്യത്ത് മറ്റൊരു ഭാഗത്തുമില്ലാത്ത വിധം ശക്തമായിരുന്നു കേരളത്തില്‍. തമ്മില്‍ അടുക്കുന്നതിന്
‘തീണ്ടുക’ യെന്നും, തമ്മില്‍ തൊട്ടാല്‍ അശുദ്ധമാകുന്നതിനെ ‘തൊടീല്‍’ എന്നും പറയും.. ജാതി വിവേചനത്തിനെതിരായുള്ള സമരം സ്വന്തം വീട്ടുമുറ്റത്തു നിന്നാരംഭിച്ചതാണ് കേളപ്പജി.

ജാത്യാധികാര വിദ്യാഭ്യാസ സൗകര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് ലഭിക്കുകയുണ്ടായില്ലയെന്ന് തന്നെ പറയാം… 1860 ല്‍ ശ്രീ തുന്നാരി കുഞ്ഞുണ്ണി നായര്‍ സ്ഥാപിച്ച മുചുകുന്ന് യു.പി സ്‌ക്കൂള്‍, 1875 ല്‍ ശ്രീ കാട്ടുകോയത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ സ്ഥാപിച്ച വീമംഗലം യു.പി സ്‌ക്കൂളിലും, 1916 ല്‍ തച്ചാറമ്പത്ത് കണാരന്‍ വൈദ്യര്‍ സ്ഥാപിച്ച മൂടാടി സൗത്ത് എല്‍.പി സ്‌കുള്‍ ( ഈശ്വരന്‍ വീട് സ്‌ക്കൂള്‍) എന്നീ സ്‌ക്കൂളുകളിലെല്ലാം ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ കുറവോ അല്ലെങ്കില്‍ ഉണ്ടായിരുന്നോയെന്ന് തന്നെ സംശയമാണ്.
കാലം 1921 ആയപ്പോള്‍ കേരള ഗാന്ധി ബഹുമാന്യനായ ശ്രീ. കേളപ്പജി പവൂര്‍ കുന്നില്‍ ഹരിജനങ്ങള്‍ക്കായി പവൂര്‍ കുന്ന് ആദി ദ്രാവിഡ സ്‌കൂള്‍ (ഗോപാലപുരം ഗോഖലെ യു.പി സ്‌ക്കൂള്‍) സ്ഥാപിച്ചു. ഈ ഒരൊറ്റ കാര്യം മാത്രം മതി കേളപ്പജിയുടെ മഹത്വം മനസ്സിലാക്കാന്‍, ഹരിജനങ്ങള്‍ക്ക് പഠിക്കാന്‍ പള്ളിക്കൂടം!, വിപ്ലവകരമായ ഒരു മാറ്റത്തിന്റെ ആദ്യചുവടുവെപ്പായിരുന്നു അത് … തുടര്‍ന്ന് ഒതയോത്ത്, കൊന്നാറ എന്നീ വീടുകളുടെ ഇടവഴികള്‍ ഹരിജനങ്ങള്‍ക്ക് സഞ്ചാരത്തിനായി അനുവദിക്കപ്പെട്ടു. ശ്രീ. തിക്കോടിയന്റെ ‘അരങ്ങു കാണാത്ത നടന്‍’ എന്ന ആത്മകഥയില്‍ പേജ് 145 മുതല്‍ 155 വരെ


(isbn 9788126418572 DC Books ) ഗോഖലെ യു.പി സ്‌കൂളിനെപ്പറ്റി വിശദമാക്കുന്നുണ്ട് ഹരിജന സമൂഹം തങ്ങളുടെ മക്കളെ ഈ സ്‌ക്കൂളിലേക്ക് അയക്കാന്‍ തയ്യാറായി. 1936 ല്‍ ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള സ്‌ക്കൂള്‍ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ കേളപ്പജിക്ക് കഴിഞ്ഞു. 1965 വരെയുള്ള ഹരിജന്‍ സമൂഹം വിദ്യാഭ്യാസത്തിനായി ആശ്രയിച്ചത് ഗോഖലെ സ്‌കൂളിനെത്തന്നെയായിരുന്നു.

ഹരിജനങ്ങളുടെ സാമൂഹിക ഉന്നമനത്തിന്റെ തുടക്കമായിരുന്നു ഗോഖലെ സ്‌ക്കൂള്‍,

സ്വന്തം കുടുംബസ്വത്തായ 35 ഏക്കറോളം ഭൂമി ഹരിജനങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച സമാനതകളില്ലാത്ത മനുഷ്യ സ്‌നേഹികൂടിയാണ് കേളപ്പജി.. ഭൂദാന പ്രസ്ഥാനത്തിനു വേണ്ടി ആദ്യം ഭൂമി നല്‍കി മാതൃക കാട്ടിയ കുടുംബം അദ്ദേഹത്തിന്റെതു തന്നെയാണ്.
സ്വസഹോദരിയുടെ 35 ഏക്കര്‍ ഭൂമിയാണ് ഹരിജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ആദ്യം ഏറ്റെടുത്തത്.
വിനോബജിയുടെ ഭൂദാനയഞ്ജ പ്രസ്ഥാനം കൊടുങ്കാറ്റ്‌പോലെ രാജ്യമാകെ അലയടിച്ച കാലത്ത് സര്‍വോദയ പ്രസ്ഥാനത്തിന് വേണ്ടി മുചുകുന്നിലെ സ്വന്തം കുടുംബസ്വത്തായിരുന്ന മുപ്പത്തിയഞ്ച് ഏക്കര്‍ ഭൂമി ഭൂദാനപ്രസ്ഥാനത്തിന് വിട്ടുകൊടുക്കാന്‍ ഏക സഹോദരി ലക്ഷിയും തയ്യാറായിയെന്ന ചരിത്രസത്യം നാം ഓര്‍ക്കണം.

കേളപ്പജിയുടെ ജീവിതം തന്നെ കേരളത്തെ മാറ്റിമറിച്ച സമരങ്ങളുടെയും, സഹനങ്ങളുടെയും നാളുകളിലൂടെയായിരുന്നു… അതാകട്ടെ കെ.കേളപ്പനില്‍ നിന്നും കേരളഗാന്ധി എന്ന അര്‍ത്ഥവത്തായ രൂപപ്പെടലിന്റെ രാഷ്ട്രീയ-സാമൂഹിക പരിവര്‍ത്തന കാലഘട്ടവും.

1924- വൈക്കം സത്യാഗ്രഹം..,

1930-ല്‍ ദണ്ഡിയാത്രയുടെയുടെ രീതിയില്‍ കോഴിക്കോട് നിന്നും പയ്യന്നുരേക്കുള്ള ഉപ്പ് സത്യാഗ്രഹ ജാഥയിലുടെയും, ഉപ്പ് കുറുക്കലിലൂടെയും നാം കേളപ്പജിയില്‍ നാം ഗാന്ധിയെക്കണ്ടു.

1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹം..,

1936 മുതല്‍ 1950 വരെ മാതൃഭൂമി ദിനപ്പത്രത്തിന്റെ പത്രാധിപരായും,

1939 ല്‍ ഖാദി പ്രചാരകനായും, അയിത്തോച്ചാടകനായും, വ്യക്തിസ്വാതന്ത്യ പ്രക്ഷോഭകനായുമെല്ലാം കേരളത്തിലങ്ങോളമിങ്ങോളം നടന്നു..,

1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം.. അഹിംസാ സിദ്ധാന്തത്തിലൂന്നിയ സത്യാഗ്രഹ സമരങ്ങള്‍, ജയില്‍വാസങ്ങള്‍.,

കെ പി സി സി യുടെ പ്രസിഡണ്ട് ആയിരുന്ന കേളപ്പജി 1951ല്‍ രാജിവയ്ക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആചാര്യ കൃപലാനി നേതൃത്വം നല്‍കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു. പൊന്നാനിയില്‍ നിന്നും 1952ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കര്‍മ്മോത്സുകനായ കേളപ്പജി നേരെ മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ക്കെതിരേ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുവാന്‍ പോവുകയാണുണ്ടായത്.

കോരപ്പുഴയില്‍ ചങ്ങാടം ഉപയോഗിച്ച് ചരക്കുകള്‍ കടത്തിയിരുന്ന കാലം. കോരപ്പുഴ പാലത്തിന്റെ നിര്‍മാണംതന്നെ നാട്ടില്‍ ഒരുത്സവമായിരുന്നു. 1940-ല്‍ പണി പൂര്‍ത്തിയായപ്പോള്‍ ആര് ഉദ്ഘാടനം ചെയ്യണമെന്നായി ചര്‍ച്ച. മലബാര്‍ കളക്ടര്‍ മുതല്‍ ബ്രിട്ടിഷ് ഭരണകാലത്തെ പല ഉന്നതരുടെയും പേരുകള്‍ പരിഗണനയില്‍ വന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായ കെ. കേളപ്പന്‍ ആരോടും മനസ്സുതുറന്നില്ല. അവസാന മിനുക്കുപണികള്‍ കാണാന്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കേളപ്പജി എന്നും അവിടെ എത്തുമായിരുന്നു. കോഴിക്കോട്ടേക്ക് പോവുന്ന കാളവണ്ടികള്‍ ചങ്ങാടം കടന്ന് പാലത്തിന്റെ ഇരുവശത്തേക്കും പോവുന്നുണ്ട്. ഒരുദിവസം അതുവഴിവന്ന കാളവണ്ടിക്കാരനോട് പാലം വഴി അപ്പുറത്തേക്ക് കടക്കാന്‍ കേളപ്പജി പറഞ്ഞു. ധിക്കരിക്കാനാവാതെ വണ്ടിക്കാരന്‍ കാളയെയും തെളിച്ച് പാലം കടന്നു. കൂടി നിന്നവരോട് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞുവെന്ന് കേളപ്പജി പ്രഖ്യാപിച്ചപ്പോള്‍ ആര്‍പ്പുവിളിയുയര്‍ന്നു. സ്ഥാനമാനങ്ങള്‍ക്കും, പേരിനും, പ്രശസ്തിക്കും വേണ്ടി കേളപ്പജി ഒന്നും ചെയ്തിരുന്നില്ലയെന്നതാണ് ആ വ്യക്തിപ്രഭാവത്തിന്റെ ചൈതന്യവും പ്രസക്തിയും.

1953 – കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക്..,

1953 ഒക്ടോബര്‍ 18 ന് മൂടാടി ശ്രീനാരായണ മിഷന്‍ വായനശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയത് ശ്രീ.കേളപ്പജിയായിരുന്നു. മൂടാടി പഞ്ചായത്തിലെ ജനങ്ങളുടെ സാംസ്‌ക്കാരിക തലം വികസിപ്പിച്ചു കൊണ്ടുവരുന്നതില്‍ ശ്രീനാരായണ മിഷന്‍ വായനശാലയുടെ പങ്ക് വിലമതിക്കാന്‍ കഴിയാത്തതാണ്.

ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ക്ഷീണിതനായ കേളപ്പജിയെ പരിചരിക്കാന്‍ അവസരം കിട്ടിയവരില്‍ പ്രധാനിയായിരുന്നു മൂടാടിയുടെ സര്‍വ്വാദരണിയനായ അദ്ധ്യാപകന്‍ യശ്ശ:ശരീരനായ ശ്രീ.കെ.പി.വേലായുധന്‍ മാസ്റ്റര്‍. ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ സഖാവ്.പി.കുഞ്ഞിരാമേട്ടനാണ്..

1971 ഒക്ടോബര്‍ 7 ന് അന്തരിച്ച ശ്രീ.കേളപ്പജിയുടെ ഭൗതിക ശരീരം മൂടാടി ശ്രീ.നാരായണ മിഷന്‍ വായനശാലയില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നതും, തുടര്‍ന്ന് ഭൗതിക ശരീരത്തെ അനുഗമിച്ച് തിരുനാവായയിലേക്ക് പോയതുമെല്ലാം നിറം മങ്ങാത്ത ഓര്‍മ്മകളായി അദ്ദേഹമിന്നും മനസ്സില്‍ സൂക്ഷിക്കുന്നു.

കേരള സമൂഹത്തിന്റെ പൊതുബോധത്തെ ഇത്രയധികം സ്വാധീനിച്ച, ആധുനിക കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള ഗാന്ധി കേളപ്പജിയുടെ സ്മരണയെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല..

1981 ല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 50-ാംമത് വാര്‍ഷികത്തില്‍ ജാതിക്കോലങ്ങള്‍ ഗുരുവായൂരില്‍ കേളപ്പജിയുടെ പ്രതിമയ്ക്ക് പകരം ‘കേശവന്‍’ എന്ന ആനയുടെ പ്രതിമ സ്ഥാപിച്ചു കൊണ്ട് മതമൗലികവാദികള്‍ കേരളത്തിന്റെ പുരോഗമന മൂല്യങ്ങള്‍ക്ക് നേരെയുള്ള അവരുടെ എതിര്‍പ്പ് തുറന്നു കാട്ടി.

കേരളഗാന്ധി കേളപ്പജിയുടെ ഓര്‍മ്മ പോലും നിലനില്‍ക്കരുതെന്ന് ചില ജാതി വെറിയന്മാര്‍ ആഗ്രഹിച്ചത് 1981ല്‍ ആണ്. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയില്‍ അവിഹിത സ്വാധീനം ചെലുത്തിയ വര്‍ഗ്ഗീയ ശക്തിയാണ് കേരള ഗാന്ധി കേളപ്പജിയെ ഒരു വെടിയുണ്ട പോലും ഉതിര്‍ക്കതെ പ്രതീകാത്മകമായി കൊന്നുകളഞ്ഞത്. ഒരു തുള്ളി നിണം പോലും നിലത്തുവീഴാതെ കലാപരമായി നടപ്പാക്കിയ ആ ‘കൊലപാതകം’ എത്രമാത്രം നീചവും പൈശാചികവും ആണെന്ന് നോക്കുക. സ: ഇ.കെ നായനാര്‍ ഗവണ്‍മെന്റ് കേരളം ഭരിക്കുന്ന കാലം. നാടിന്റെ നവോത്ഥാന ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം കൂടിയായിരുന്നു 1981, സത്യാഗ്രഹ സ്മരണ ഉണര്‍ത്തുന്ന ഉചിതമായ ഒരു സ്മാരകം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് നിര്‍മ്മിക്കണമെന്ന് ദേവസ്വം ഭരണ സമിതി ചര്‍ച്ച ചെയ്തു. സഖാക്കള്‍:പി. കൃഷ്ണപിള്ളയും, ഏ.കെ.ജി.യും ഉള്‍പ്പെട്ട പില്‍ക്കാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പങ്കെടുത്ത ചരിത്ര സംഭവത്തിന് സ്മാരകം പണിയാന്‍ ഇടതു സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തു. സത്യാഗ്രഹ നായകന്‍ കേളപ്പജിയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കാന്‍ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു. പ്രതിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് പ്രശസ്തനായ ശില്‍പ്പി ശ്രീ.എം ആര്‍.ഡി.ദത്തനെ ചുമതലപ്പെടുത്തി. കേളപ്പജിയുടെ നിരവധി ഫോട്ടോകള്‍ ശേഖരിച്ച് ദത്തന്‍ മാതൃകാ ശില്‍പ്പം തയ്യാറാക്കാന്‍ ഒരുങ്ങുമ്പോഴേക്കും കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. സഖാവ് ഇ. കെ.നായനാരുടെ ഇടതുമുന്നണി മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടായിരുന്ന ആന്റണി കോണ്‍ഗ്രസ്സും മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സും അധികാരത്തിന്റെ ശീതളച്ഛായയില്‍ നിന്ന് വിവാദപരമായ പിന്‍മാറ്റം നടത്തി. കെ കരുണാകരന്‍ ഇടതു സര്‍ക്കാരിനെ ഇറക്കി, ഒരംഗത്തിന്റെ ഭൂരിപക്ഷത്തോടെ മന്ത്രിസഭയുണ്ടാക്കി. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടോടെ നില നിന്ന ആ മന്ത്രിസഭ ഏറെ മുന്നോട്ടു പോയില്ല. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിലെ ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എ ഇടതുമുന്നണിയില്‍ തിരിച്ചു കയറിയതോടെ ശ്രീ.കെ.കരുണാകരന്‍ മന്ത്രിസഭ രാജിവച്ചു. ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീ.കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നു. കേളപ്പജിയുടെ പ്രതിമാനിര്‍മ്മാണയജ്ഞം അതിനിടെ ഗുരുവായൂര്‍ ദേവസ്വം അട്ടിമറിച്ചു.

”അമ്പലത്തിനുള്ളില്‍ കണ്ടവനെല്ലാം പ്രവേശനം നേടിക്കൊടുത്ത കെ.കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട.”എന്ന് ജാതിവെറി പൂണ്ട ഒരു അംഗം ദേവസ്വം ഭരണസമിതി യോഗത്തില്‍ വികാരക്ഷോഭത്തോടെ പ്രസംഗിച്ചിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത് . മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ അംഗത്തിന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. അങ്ങനെ ഗുരുവായൂര്‍ സത്യാഗ്രഹ നേതാവായിരുന്ന കേരളഗാന്ധി കേളപ്പജിയുടെ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി സമിതി രേഖാമൂലം ശില്‍പ്പിയായ ശ്രീ.എം.ആര്‍.ഡി ദത്തന്‍ അറിയിച്ചു. മുഖ്യമന്ത്രി ശ്രീ.കെ.കരുണാകരനെ നേരിട്ടുകണ്ട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചുവടുമാറ്റത്തെക്കുറിച്ച് ശില്പിയായ ശ്രീ. ദത്തന്‍ പരാതി പറഞ്ഞു. ഫയലുകള്‍ വരുത്തി കരുണാകരന്‍ പരിശോധിച്ചു. സത്യാഗ്രഹ ജൂബിലി സ്മാരകം നിര്‍മ്മിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് സര്‍ക്കാര്‍ അനുമതിയും ഫണ്ടും നല്‍കിയിട്ടുള്ള കാര്യം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടു.

സര്‍ക്കാര്‍ മാറിയെന്ന കാരണത്താല്‍ ഗുരുവായൂര്‍ സത്യാഗ്രഹ നേതാവ് കേളപ്പജിയുടെ പ്രതിമ വേണ്ട എന്ന് തീരുമാനിക്കാനെന്തുകാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു. ശ്രീ.ഗുരുവായൂരപ്പന്റെ ഭക്തനായ കരുണാകരന്‍ ദേവസ്വം കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് നിസ്സഹായനായി. സ്മാരകം നിര്‍മ്മിക്കാന്‍ അനുവദിച്ച ഫണ്ട് പിന്‍വലിക്കാന്‍ നിര്‍വാഹമില്ലെന്ന് വന്നപ്പോള്‍ ദേവസ്വം സമിതി ‘മനോഹരമായ’ ഒരു പോംവഴി കണ്ടുപിടിച്ചു. ചരിഞ്ഞുപോയ ഗുരുവായൂര്‍ കേശവന്‍ എന്ന തലയെടുപ്പുള്ള ആനയുടെ പ്രതിമ നിര്‍മ്മിച്ച് ദേവസ്വം അതിഥി മന്ദിരവളപ്പില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
കേരളഗാന്ധി കേളപ്പജിയെ ഗുരുവായൂര്‍ ദേവസ്വത്തിലെ തല്‍പ്പരകക്ഷികള്‍ ‘കൊന്ന’ സംഭവം പുറത്തുപോകുമോ എന്ന ഭയം അധികൃതര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതീവ രഹസ്യമായിട്ടായിരുന്നു ഗുരുവായൂര്‍ കേശവന്റെ പ്രതിമ നിര്‍മ്മാണവും. പക്ഷെ കേരള ജനതയുടെ മനസ്സില്‍ തലയെടുപ്പോടെ ജിവിക്കുന്ന കേരള ഗാന്ധി കേളപ്പജിയുടെ ജ്വലിക്കുന്ന ഓര്‍മ്മകളെ നശിപ്പിക്കാന്‍ ജാതിക്കോമരങ്ങള്‍ക്ക് എത്ര ശ്രമിച്ചാലും കഴിയില്ലയെന്നതാണ് സത്യം.

32,87,263 ച.കി.മി.വിസ്തൃതിയില്‍ കിടക്കുന്ന ഇന്ത്യ രാജ്യത്തെ ഓരോ മണ്‍തരിയും മഹാത്മാഗാന്ധിയെ അറിഞ്ഞതുപ്പോലെ, 38,863 ച.കി.മി വിസ്തൃതിയുള്ള കേരളത്തിലെ ഓരോ മണ്‍തരിയും കേരളഗാന്ധി കേളപ്പജി എന്ന കെ.കേളപ്പനെ സ്മരിക്കും!