നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ അനധികൃത നിയമനം റദ്ദാക്കിയ നടപടി സർക്കാർ ശരിവച്ചു


Advertisement

നടുവണ്ണൂർ: നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ എട്ട് അനധികൃത നിയമനം റദ്ദാക്കിയ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നടപടി സർക്കാർ അംഗീകരിച്ചു. പ്യൂൺ, അറ്റൻഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പാർട്ട് ടൈം സ്വീപ്പർ, സെയിൽസ്‌മാൻ എന്നീ നിയമനങ്ങൾ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ റദ്ദാക്കിയതിനെതിരെ ബാങ്ക് ഭരണസമിതിയും നിയമനം ലഭിച്ച ജീവനക്കാരും സർക്കാരിൽ നൽകിയ അപ്പീലാണ് തള്ളിയത്.

Advertisement

യുഡിഎഫ് നിയന്ത്രണത്തിലുള്ളതാണ് നടുവണ്ണൂർ റീജണൽ സഹകരണ ബാങ്ക്. സഹകരണ നിയമവും ചട്ടവും നിയമനങ്ങളിലെ സംവരണവും പാലിക്കാതെയാണ് ബാങ്കിൽ നിയമനം നടത്തിയതെന്നാരോപിച്ച് പൊതുപ്രവർത്തകന്‍ ശരത്ത് കിഴക്കേടത്ത് രജിസ്ട്രാർക്കും ഓംബുഡ്‌സ്മാനും പരാതി നൽകിയിരുന്നു. സഹകരണ വകുപ്പിന്റെ ഭാഗത്ത്നിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബാങ്ക് എ ക്ലാസ് അംഗമായ ഉമ്മർ അൻസാരി, ശരത്ത് കിഴക്കേടത്ത്, എ എസ് റിലു എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ സമയബന്ധിതമായി തിർപ്പുണ്ടാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് നിർദേശം നൽകി. തുടർന്നാണ് ജോയിന്റ് രജിസ്ട്രാർ നിയമനങ്ങൾ റദ്ധാക്കിയത്.

Advertisement

ഇതിനെതിരെ ഡിസിസി ട്രഷറർ കൂടിയായ ബാങ്ക്‌പ്രസിഡന്റും ഭരണസമിതിയും സർക്കാരിൽ അപ്പീൽ നൽകി. തുടർന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഹിയറിങ്ങും നടന്നിരുന്നു. എന്നാല്‍ ഉത്തരവ് അംഗീകരിച്ച് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ ഭരണസമിതി തയ്യാറായിട്ടില്ല. വിധി പരിശോധിച്ചശേഷം നിയമനടപടികളുമാ യി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ബാങ്ക് പ്രസിഡന്റ് ടി. ഗണേഷ് ബാബു പറഞ്ഞു. ഹിയറിങ്ങിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ടി പി ജേക്കബും പരാതിക്കാർക്കുവേണ്ടി ശരത്ത് കിഴക്കേടത്തുമാണ് ഹാജരായത്.

Advertisement

Summary: The government confirmed the cancellation of illegal appointment in Naduvannur Regional Cooperative Bank