ആള്‍പെരുമാറ്റമില്ലെന്ന് ഉറപ്പ് വരുത്തി ആയുധവുമായെത്തി; ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണ ശ്രമദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടയിലേയ്ക്ക് മാസ്‌ക്ക് ധരിച്ചെത്തിയ ചെറുപ്പക്കാരനെന്ന് തോന്നിപ്പിക്കുന്നയാല്‍ കടയുടെ ഡോറിന് മുട്ടിയ ശേഷം തിരിച്ച് പോവുകയും പിന്നീട് ആയുധവുമായെത്തി സമീപത്ത് ആരും ഇല്ലെന്ന് ഉറപ്പുവരുത്തി കടയുടെ ചില്ല് വാതിലിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. ഷര്‍ട്ടും ജീന്‍സുമാണ് ഇയാളുടെ വേഷം.

കടയുടെ അകത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തവന്നിരിക്കുന്നത്. കടയുടെ അകത്ത് കടന്ന ശേഷം ഇയാള്‍ സി.സി.ടി.വിയ്ക്ക് നേരെ എത്തുകയും പിന്നീട് ദൃശ്യങ്ങള്‍ കാണാതാവുകയുമായിരുന്നു. ചേലിയ ടൗണില്‍ ഉള്ള ഹലാല്‍ ചിക്കന്‍ സ്റ്റാളിലാണ് മോഷണ ശ്രമം നടന്നത്. കടയിലെ മേശകളും മറ്റും നശിപ്പിച്ച നിലയിലാണുള്ളത്. നിലവില്‍ കടയില്‍ പണമൊന്നും വെച്ചിരുന്നില്ലെന്നും മുന്‍പും കടയില്‍ വെച്ചിരുന്ന പണപ്പെട്ടി പോയിരുന്നെന്നും കടയുടമ ബിലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കടയുടെ വാതിലിന്റെ ലോക്ക് തകര്‍ത്തതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളാണ് ഉള്ളത്. മുന്‍പ് രണ്ട് തവണ കടയില്‍വെച്ചിരുന്ന കുറച്ച് പണം നഷ്ടപ്പെട്ടതിനാലാണ് സി.സി.ടിവി സ്ഥാപിച്ചതെന്നും കടയുടമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പോലീസിനെ വിവിമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തുകയും ദൃശ്യം പരിശോധിക്കുകയും ചെയ്തു.

വീഡിയോ കാണാം..

ഇന്ന് രാവിലെയാണ് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പരക്കെ മോഷണം നടന്നതായി വിവരം ലഭിക്കുകയായിരുന്നു. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്. കൂടാതെ ഓഫീസ് കുത്തിത്തുറന്ന് മൊബൈല്‍ഫോണും മോഷ്ടിച്ചിട്ടുണ്ട്. കവാടത്തിന് അരികിലത്തെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമവുംനടന്നിട്ടുണ്ട്.

സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. തിരുവങ്ങൂര്‍ നരസിംഹക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരവും, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ നാല് ഭണ്ഡാരവും കുത്തിതുറന്ന നിലയിലാണുള്ളത്. അമ്പലങ്ങല്‍ കൂടാതെ പൂക്കാട് നഗരത്തിലെ ചെരുപ്പ് കടയിലും മോഷണം നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.