മകന്‍ മരിച്ചിട്ട് 10 ദിവസം, അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരുന്ന് കുടുംബം; വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറ സ്വദേശി ജോയല്‍ തോമസിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ നാട്‌


പേരാമ്പ്ര: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ജോയല്‍ തോമസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരുന്ന് കുടുംബം. ഫോട്ടോഗ്രാഫറായ ജോയല്‍ അടുത്തിടെയായിരുന്നു സൗദി അറേബ്യയിലേക്ക് പോയത്. അവിടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലായിരുന്നു ജോലി.

ആഗസത് 10ന് ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അല്‍ബാഹയില്‍നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ വാഹനം
നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിന് തീപിടിച്ച് ജോയല്‍ അടക്കം വാഹനത്തിലുണ്ടായിരുന്ന നാല് പേരും തല്‍ക്ഷണം മരിച്ചു.

നിലവില്‍ നാലുപേരുടെയും മൃതദേഹം അല്‍ബഹാര്‍ ആശുപത്രിയിലാണുള്ളത്. ഡിഎന്‍എ ടെസ്റ്റ് കഴിഞ്ഞാല്‍ മാത്രമേ വിട്ടുകിട്ടുകയുള്ളൂ. ഇന്ന് വൈകുന്നേരത്തോടെ ടെസ്റ്റ് റിസല്‍ട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാന്‍ പറ്റും. ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി സൗദിയിലുള്ള സംഘടനകളും ജോയലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നുണ്ട്.

”ചേട്ടാ ഞാൻ തിരിച്ചു വന്നിട്ട് നമുക്കൊരു സിനിമ പ്ലാൻ ചെയ്യണം, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവന്‍ പോയി”, വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറ സ്വദേശി ജോയല്‍ തോമസിനെക്കുറിപ്പ് വൈകാരിക കുറിപ്പുമായി സുഹൃത്ത്

ലീവിന് വന്നാല്‍ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ജോയലിന്റെ കുടുംബം. അതിനിടെയാണ് നിനച്ചിരിക്കാതെയുള്ള അപകടം സംഭവിച്ചത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് ജോയലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി വീട്ടിലേക്ക് എത്തുന്നത്.

പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണന്‍, ഷാഫി പറമ്പില്‍ എം.പി തുടങ്ങിയവര്‍ അടുത്തിടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. ഉടന്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ജോയലിനെ അവസാനമായി കാണാന്‍ പറ്റുമെന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ്‌ ഈ കുടുംബം.