മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞ സംഭവം; ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോര്‍ട്ട്. കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) യുടെ മരണകാരണമായത് ആനയുടെ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചുവെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആനകളെ എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നതിന്റെ സമീപത്തായിരുന്നു മരിച്ച ലീലയും നിന്നിരുന്നത്. മരിച്ച മൂന്ന പേരുടെയും മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുറുവങ്ങാട് പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്. പരിക്കേറ്റവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.