കൊയിലാണ്ടി നഗരസഭയുടെ പരിശ്രമം ഫലം കാണുന്നു; വെള്ളക്കെട്ടൊഴിഞ്ഞു, കനത്ത മഴയിലും ബപ്പന്‍കാട് അടിപ്പാതയിലൂടെ ഇപ്പോള്‍ സുഖയാത്ര- വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ തലവേദനയായിരുന്ന ബപ്പന്‍കാട് അടിപ്പാതയിലെ യാത്രാപ്രശ്‌നത്തിന് നഗരസഭകണ്ടെത്തിയ പരിഹാരമാര്‍ഗം ഫലം കാണുന്നു. ഇത്തവണ മഴ കനത്തപ്പോഴും അടിപ്പാതയില്‍ വെള്ളക്കെട്ടുണ്ടായില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തിട്ടും ഇവിടെ വലിയ തോതിലുള്ള വെള്ളക്കെട്ടോ ഗതാഗത പ്രശ്‌നങ്ങളോ ഉണ്ടായില്ല.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന്റെ നിര്‍ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ബപ്പന്‍കാട് അടിപ്പാത സഞ്ചാരയോഗ്യമാക്കിയത്. അടിപ്പാതയില്‍ നിന്നും വെള്ളം ഒഴുകി എത്തേണ്ട കിണറിലെ ചളിയും മാലിന്യങ്ങളും പുറത്തെടുത്ത് കിണര്‍ ശുചീകരിച്ചിരുന്നു. ഇതോടെ കിണറില്‍ കൃത്യമായി വെള്ളമെത്തുന്നുണ്ട്. അത് പുറത്തുകളയുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.

അശാസ്ത്രീയമായി നിര്‍മ്മിച്ച കിണറിലേക്ക് പുറമേ നിന്ന് വെള്ളം ഒഴുകി വരുന്നതിനാല്‍ കിണറിലെ വെള്ളം ഒഴിവാക്കുക പ്രയാസകരമായതുകൊണ്ടായിരുന്നു മഴ തുടങ്ങിയാല്‍ അടിപ്പാത വെള്ളത്തിലാവുന്നത്. അതിനുള്ള താല്‍ക്കാലിക പരിഹാരമായിട്ടാണ് മുഴുവന്‍ സമയം വെള്ളം ഒഴിവാക്കാന്‍ കഴിയുന്ന മോട്ടോര്‍ നഗരസഭ സ്ഥാപിച്ചത്.