കൊടുവള്ളിയില്‍ ആയുധങ്ങളുമായി വീട്ടില്‍ക്കയറി അക്രമം; യുവാവിന് പരിക്കേറ്റു, സംഭവത്തില്‍ നാലുപേര്‍ പിടിയില്‍
കൊടുവള്ളി: ആയുധങ്ങളുമായി രാത്രി വീട്ടില്‍ക്കയറി യുവാവിനെ ആക്രമിച്ചു. സംഭവത്തില്‍ എളേറ്റില്‍ പുളിക്കിപ്പൊയില്‍ ഷൗക്കത്തലി (35), എളേറ്റില്‍ കോട്ടോപ്പാറ ഹനീഫ (47), പുളിക്കിപ്പൊയില്‍ ഷറഫുദ്ദീന്‍ (43), പന്നിക്കോട്ടൂര്‍ നാരായണകുന്നുമ്മല്‍ സക്കരിയ (39) എന്നിവരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് എളേറ്റില്‍ വട്ടോളി പുതിയേടത്തുകുന്നുമ്മല്‍ ചന്ദ്രന്റെ വീട്ടില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരുസംഘം അക്രമം നടത്തിയത്. അക്രമത്തില്‍ ചന്ദ്രന്റെ മകന്‍ പുതിയേടത്ത് കുന്നുമ്മല്‍ അനീഷ് ചന്ദ്രന് (35) പരിക്കേറ്റു. അനീഷ് ചന്ദ്രന്റെ ഇടതുകൈയും കാലും തല്ലിയൊടിച്ചു. തലയ്ക്കും പരിക്കേറ്റു.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് അനീഷിനെ രക്ഷപ്പെടുത്തിയത്. അനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷൗക്കത്തലിയുടെ കെട്ടിടത്തില്‍ അനീഷ് ചന്ദ്രന്റെ സഹോദരന്‍ അജീഷ് ചന്ദ്രന്‍ തുണിക്കട നടത്തിയിരുന്നതായും കട ഒഴിഞ്ഞു കൊടുത്തശേഷം അജീഷ് ചന്ദ്രനും ഷൗക്കത്തലിയും തമ്മില്‍ ഫോണിലൂടെ ഉണ്ടായ സംസാരമാണ് അക്രമസംഭവത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. അജീഷ് ചന്ദ്രനെ ലക്ഷ്യം വെച്ചാണ് അക്രമികള്‍ വീട്ടിലെത്തിയതെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അക്രമത്തില്‍ പരിക്കേറ്റ അനീഷ് ചന്ദ്രനെ ബി.ജെ.പി. നേതാക്കള്‍ സന്ദര്‍ശിച്ചു.
summary: in koduvalli, the people entered the house at night with a weapon and attacked the youth