ശുദ്ധജലവും ഒളിച്ചുകഴിയാന്‍ ആവശ്യത്തിലേറെ സുഷിരങ്ങളും; നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി ഇറക്കിയ ഡിവൈഡറുകള്‍ കൊതുകുവളർത്തു കേന്ദ്രമാകുന്നു


കൊയിലാണ്ടി: നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് റോഡ് കൊതുകു വളര്‍ത്തു കേന്ദ്രമാകുന്നു. മരളൂര്‍ പനച്ചികുന്ന് ഭാഗത്ത് നിര്‍മ്മാണത്തിനായി ഇറക്കിയിട്ട നൂറ് കണക്കിന് ഡിവൈഡറാണ് കൊതുകുകള്‍ പെറ്റുപെരുകുന്ന കേന്ദ്രമായിരിക്കുന്നത്.

ഓരോ ഡിവൈഡറിലും വെള്ളം കെട്ടിനില്‍ക്കാന്‍ പാകത്തില്‍ വലിയ സുഷിരങ്ങളുണ്ട്. ഇതിലാണ് കൊതുകുകള്‍ വളരുന്നത്. ശുദ്ധജലമായതിനാല്‍ കൊതുകിന്റെ കടിയേറ്റാല്‍ ഡെങ്കിപനി പിടിപെടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. ആരോഗ്യ വിഭാഗം അടിയന്തിരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് മരളൂര്‍ ബഹുജന കൂട്ടായ്മ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍ ആവശ്യപ്പെട്ടു.