മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്
മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും.
യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, പി പി രാധാകൃഷ്ണൻ, കെ രാജീവൻ, എം കെ രാമചന്ദ്രൻ, ബാബു കൊളക്കണ്ടി, കെ വി നാരായണൻ, ഈ കുഞ്ഞി കണ്ണൻ, എ സി അനൂപ്, കെ ടി രാജൻ എന്നിവർ സംസാരിച്ചു. തുടർ പ്രക്ഷോഭങ്ങൾക്കും പഞ്ചായത്ത് കമ്മിറ്റി രൂപം നൽകി.
നവീകരണ പ്രവർത്തനങ്ങൾക്കായി 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി നേരത്തെ മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന് ലഭിച്ചിരുന്നു. റോഡ് 9.59 കി.മി ദൂരത്തിൽ ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങും ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്.
അതേസമയം അടിയന്തിര അറ്റകുറ്റപണികൾക്ക് 2.4 കോടി രൂപയുടെ പ്രവൃത്തിക്കും ടെൻഡർ ആയിരുന്നു. ചിലയിടങ്ങളിൽ റോഡിലെ കുഴികളടച്ചിരുന്നെങ്കിലും നെല്യാടി മുതൽ മേപ്പയ്യൂർ വരെയുള്ള ഭാഗങ്ങളിൽ ജൽ ജീവൻ മിഷന്റെ പെെപ്പിടൽ നടന്നതിനാൽ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം