ദഫ്മുട്ടിനെ പൊതുവേദികളിലേയ്ക്ക് എത്തിച്ചതില്‍ പ്രധാനി; ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ദഫ്മുട്ടാചാര്യന്‍ ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്ലിയാരുടെ ജീവചരിത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്


കൊയിലാണ്ടി:  ദഫ്മുട്ടിനുള്ള അംഗീകാരമായി ദഫ്മുട്ടാചാര്യന്‍ ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്ലിയാരുടെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസ്സിലെ കലാവിദ്യാഭ്യാസം ആക്ടിവിറ്റി പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിഷ ചികിത്സകനും പണ്ഡിതനും യമനീ പരമ്പരയില്‍പ്പെട്ട ദഫ്മുട്ട് കുലപതി ഇമ്പിച്ചി അഹമ്മദ് മുസ്ലിയാരുടെയും ആലസ്സം വീട്ടില്‍ ഹലീമയുടെയും മകനായാണ് ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്ലിയാര്‍ ജനിച്ചത്. തന്റെ പത്താം വയസ്സില്‍ പിതാവില്‍ നിന്നാണ് അഹമ്മദ്കുട്ടി മുസ്ല്യാര്‍ ദഫിന്റെ ബാലപാഠം പരിശീലനം ആരംഭിച്ചത്.

1983-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് പ്രത്യേക പുരസ്‌കാരം, 1978-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2002 ലെ കേരള ഫോക്ലോര്‍ അക്കാ അവാര്‍ഡ്, 2006-ലെ കേരള ഫോക്ലോര്‍ അക്കാദമി ഫെലോ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


2014 മാര്‍ച്ച് 14-ന് 93 വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. മുന്‍ കാലങ്ങളില്‍ മുസ്ലിം വീടുകളിലും പള്ളികളിലും മാത്രം കണ്ടുവന്നിരുന്ന ദഫ്മുട്ട് എന്ന അനുഷ്ഠാന കലയെ 1977-ല്‍ പൊതു വേദികളിലേക്ക് എത്തിച്ചതും 1992-ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ മത്സര ഇനമായി എത്തിച്ചതും അഹമ്മദ്കുട്ടി മുസ്ല്യാരുടെ പ്രയത്‌നം കൊണ്ടായിരുന്നു.

.