ജലജീവന്‍ പൈപ്പിടല്‍ പൂര്‍ത്തിയായില്ല; മേപ്പയൂര്‍ – കൊല്ലം റോഡ് ടാറിംങ് ടെന്‍ഡര്‍ എടുത്ത കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിക്കാനൊരുങ്ങുന്നു, വേനല്‍മഴയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് റോഡ് ഗാതഗതം ദുരിതത്തില്‍


മേപ്പയൂര്‍: ജല്‍ജീവന്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ റോഡ്ഗതാഗതം ബുദ്ധിമുട്ടിലാകുന്നു. ഒരുവര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രവൃത്തി ഉപേക്ഷിക്കാനൊരുങ്ങി കരാറുകാര്‍. കഴിഞ്ഞ ജൂണില്‍ പണി തീര്‍ക്കേണ്ട ജലജീവന്‍ പൈപ്പില്‍ പ്രവൃത്തിയാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാത്തത്.

2 കോടി രൂപക്ക് കരാറെടുത്ത ടാറിംങ് പ്രവൃത്തിയാണ് കരാറുകാരന്‍ ഉപേക്ഷിക്കാനൊരുങ്ങുന്നത്. കൊല്ലം മുതല്‍ നെല്ല്യാടി പാലം വരെ ടാറിംങ്ങ് പ്രവൃത്തി മൂന്ന് മാസം മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ നെല്ല്യാടി പാലം മുതല്‍ മേപ്പയൂര്‍ വരെ 7 കിലോമീറ്റര്‍ പണിപൂര്‍ത്തീകരിക്കാനുണ്ടായിരുന്നു.

ഇത്രയും ദൂരം ജലജീവന്‍ പൈപ്പിടല്‍ പ്രവൃത്തി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ടാറിംങ് പ്രവൃത്തിക്കായി ഇറക്കിയ ടാറും അസംസ്‌കൃത വസ്തുക്കളും റോഡരികില്‍ ഇറക്കി നശിച്ചിരിക്കുകയാണെന്ന് കരാറുകാരന്‍ പറയുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ മൂന്ന് പ്രാവശ്യ വിളിച്ച യോഗങ്ങളിലെല്ലാം 8 മാസം മുന്‍പ് ജലജീവന്‍ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

തങ്ങള്‍ നല്‍കിയ എഗ്രിമെന്റ് കാലാവധി കഴിഞ്ഞെന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും ജലജീവന്‍ പൈപ്പിടല്‍ പ്രവൃത്തി ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാസര്‍ഗോഡുള്ള കാരാര്‍ കമ്പനി ഉടമസ്ഥന്‍ എ.അബ്ദുല്ല കുഞ്ഞ് പറയുന്നു. മൂന്നു വര്‍ഷം മുന്‍പ് 39 കോടി രൂപ റോഡിന്റെ വികസനത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തി നടക്കാത്തതിനാല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലക്കായിരുന്നു നിലവിലെ റോഡ് 2 കോടിക്ക് റീ ടാറിങ്ങ് നടത്തുക എന്നത്. എന്നാല്‍ ആ പ്രവൃത്തിയും പൂര്‍ത്തിയാകാത്തതില്‍ നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പ്രതിഷേധമുണ്ടെന്നും പറയുന്നു.

 

നിലവില്‍ വേനല്‍ മഴ കനത്തതോടെ റോഡ് പലയിടങ്ങളിലും അപകടാവസ്ഥയിലാണുളളത്. മേപ്പയൂര്‍- കൊല്ലം റോഡില്‍ നടുവത്തൂര്‍ വളവില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ മഴ പെയ്ത് വെളളം കെട്ടിനിന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാവാനാണ് സാധ്യത. കല്ലങ്കി ഇറക്കത്തിലും സമാനരീതിയിലുളള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ഈ റോഡിലൂടെ ഗതാഗത കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. ചെറുവാഹനങ്ങളും മറ്റും ഗര്‍ത്തങ്ങളില്‍ പെട്ട് അപകടങ്ങള്‍ ഉണ്ടാകാനുളള സാധ്യതകളും ഏറെയാണ്. ഇരുവശവും പണി നടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ഈ വര്‍ഷവും പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ റോഡിലൂടെയുളള യാത്ര അപകട സാധ്യതകള്‍ ഏറെയുമാണ്. മഴ നേരത്തെ എത്തിയതിനാല്‍ ഇനി പണി പൂര്‍ത്തിയാക്കുക എന്നതും ഏറെ പ്രയാസമുളള കാര്യമാണ്. നിലവില്‍ റോഡിന്റെ ഈ സ്ഥിതിയില്‍ യാത്രക്കാരും നാട്ടുകാരും വലിയ തോതിലുളള പ്രതിഷേധത്തിലാണ്. എത്രയും പെട്ടെന്ന് പൈപ്പ് ലൈന്‍ പണി പൂര്‍ത്തീകരിക്കുകയെന്നതാണ് എല്ലാവരുടെയും ആവശ്യം.