മൂടാടി, ചെങ്ങോട്ടുകാവ്, അരിക്കുളം ഉൾപ്പെടെ 15 പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും; ജലശുദ്ധീകരണ ശാലയുടെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി
കോഴിക്കോട്: ജില്ലയിലെ പതിനഞ്ച് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പെരുവണ്ണാമൂഴിയിൽ ആരംഭിച്ചു. ജൽ ജീവൻ മിഷന്റെ ഭാഗമായി 100 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയാണ് പെരുവണ്ണാമൂഴി ഡാമിന് സമീപത്തായി നിർമ്മിക്കുന്നത്.
നിലവിൽ പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ചിട്ടുള്ള 174 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണശാലക്കു പുറമെയാണ് ഗ്രാമീണ മേഖലകളിലെ വീടുകളിൽ ശുദ്ധജലം ലഭ്യമാക്കാനായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ശുദ്ധീകരണശാല നിർമ്മിക്കുന്നത്. പതിനഞ്ച് പഞ്ചായത്തുകളിലായി 93,239 വീടുകളിലേക്കാണ് പദ്ധതി വഴി ശുദ്ധജലമെത്തിക്കുന്നത്.
ഉള്ള്യേരി, മൂടാടി, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, നൊച്ചാട്, മേപ്പയൂർ, കീഴരിയൂർ, കായണ്ണ, കൂരാച്ചുണ്ട്, പനങ്ങാട്, ചങ്ങരോത്ത്, കൂത്താളി, തിക്കോടി എന്നീ പഞ്ചായത്തുകളിലേക്കാണ് പുതുതായി നിർമ്മിക്കുന്ന ജലശുദ്ധീകരണശാലയിൽ നിന്നും വെള്ളമെത്തിക്കുക.
പെരുവണ്ണാമൂഴി ഡാമിൽ നിന്നും ശേഖരിക്കുന്ന ജലം, ശുദ്ധീകരിക്കാനായി നിർമ്മിക്കുന്ന ജലശുദ്ധീകരണ ശാലയിൽ എത്തിക്കും. ഇവിടെ നിന്നാണ് പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുക. വിവിധ പഞ്ചായത്തുകളിലേക്ക് ജലശുദ്ധീകരണ ശാലയിൽ നിന്നും ശുദ്ധജലം എത്തിക്കുന്നതിനുള്ള പ്രധാന ട്രാൻസ്മിഷൻ മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. 95 കിലോമീറ്റർ ദൈർഘ്യത്തിൽ 250 മി.മീ മുതൽ 1219 മി.മീ വരെ വ്യാസമുള്ള പൈപ്പുകളാണ് ഇതിനായി സ്ഥാപിക്കുന്നത്.
Summary: The construction work of the water Refinery has started in peruvannamuzhi