കൊയിലാണ്ടിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന വാദം പരാതിക്കാരന്റെ നാടകം; കൂട്ടുപ്രതിയായ താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തെന്നും റൂറല്‍ എസ്.പി മാധ്യമങ്ങളോട്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച്‌ പണം തട്ടിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ കൂട്ടാളിയായ താഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലും താഹ യു മാ ണ് പദ്ധതി പ്ലാൻ ചെയ്ത തെന്ന് റൂറൽ എസ്.പി.പി.നിധിൻ രാജ് മാധ്യമങ്ങളോടു പറഞ്ഞു സുഹൈലിനും താഹയ്ക്കും പുറമേ യാസിർ എന്നയാളും കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

കൊയിലാണ്ടിയില്‍ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വെച്ച് പര്‍ദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തില്‍ മുളക് പൊടി വിതറുകയും തലയ്ക്ക് മര്‍ദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. സുഹൈലിന്റെ കണ്ണില്‍ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയില്‍ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. കാട്ടിലപ്പീടികയില്‍ സുഹൈലിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.

25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈല്‍ പറഞ്ഞത്. എന്നാല്‍ സുഹൈല്‍ ജോലി ചെയ്തിരുന്ന ഏജന്‍സി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. പരാതിയിൽ പറഞ്ഞ സാഹചര്യങ്ങളും, വിവിധ സി.സി.ടി.വി.ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് പരിശോധിച്ചു.  ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് നാടകമാണെന്ന നിഗമനത്തിലെത്തിയത്.

Description: The complaint that the youth was tied to the car and robbed of money is false