ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്കായി നാല് വര്‍ഷ ബിരുദപ്രോഗ്രാം ‘വിജ്ഞാനോത്സവം’ ; കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജില്‍ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: സംസ്ഥാനത്ത് നടപ്പിലാക്കുന്ന നാല് വര്‍ഷ ബിരുദപ്രോഗ്രാം ‘വിജ്ഞാനോത്സ’വത്തിന്റെ കോളേജ്തല ഉദ്ഘാടനം കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജില്‍ നടന്നു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നാല് വര്‍ഷബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

‘വിജ്ഞാനോത്സ’വത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ നിര്‍വഹിച്ചു.
അറിവു നേടുക എന്നതിലുപരി വിദ്യാര്‍ത്ഥികളെ നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനു പ്രാപ്തരാക്കുന്ന വലിയ ഒരു പദ്ധതിയാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമാണെങ്കില്‍ മൂന്നുവര്‍ഷം കൊണ്ട് പഠനം അവസാനിപ്പിച്ച് ബിരുദവുമായി പുറത്തു പോകാമെന്നും എന്നാല്‍ നാലാം വര്‍ഷവും പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നത് ഓണേഴ്‌സ് ഡിഗ്രിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഗ്രി രണ്ടു തരമുണ്ട് – ഒന്ന് ഓണേഴ്‌സ് ഡിഗ്രി, മറ്റൊന്ന് ഓണേഴ്‌സ് വിത്ത് റിസേര്‍ച്ച്. അഭിരുചിക്കൊത്ത വൈവിധ്യപൂര്‍ണമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്, കോഴ്‌സുകളുടെ ആധുനികവല്‍ക്കരണം ഇവയൊക്കെ സാധ്യമാകും എന്നതാണ് ഈ നാലുവര്‍ഷ ഡിഗ്രിയുടെ സവിശേഷത.

പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സുജേഷ് സി.പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജ്‌മെന്റ് പ്രതിനിധി ദാസന്‍ പറമ്പത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സുമതി കെ.എം, വിനോദ് കുമാര്‍. എ, ഡോ. ഷാജി മാരാംവീട്ടില്‍, ഡോ.വിദ്യാ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.