അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ ബെന്‍സ് കാര്‍; കൊയിലാണ്ടി ടൗണില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു- വീഡിയോ കാണാം


കൊയിലാണ്ടി: അത്യാസന്ന നിലയിലുളള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ കൊയിലാണ്ടിയിലൂടെ കാറിന്റെ യാത്ര. മൂടാടി മുതല്‍ കൊയിലാണ്ടി ടൗണ്‍ വരെ ഈ കാറിന്റെ പിന്നാലെ പോകേണ്ട സ്ഥിതിയായിരുന്നു ആംബുലന്‍സിന്.

ഇന്ന് രാവിലെ വടകരയില്‍ നിന്നും രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് സംഭവമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൂടാടിയില്‍ റോഡ് പണി നടക്കുന്ന ഭാഗം കഴിഞ്ഞതുമുതല്‍ കാര്‍ മുമ്പിലുണ്ട്. പലതവണ ഹോണടിച്ചിട്ടും സൈഡ് നല്‍കാന്‍ തയ്യാറായില്ല. കൊയിലാണ്ടി ടൗണ്‍ കഴിഞ്ഞ് അല്പം മാറി മീത്തലെ കണ്ടി പള്ളിയുടെ ഭാഗത്ത് ഒരു കുഴിയുള്ള ഭാഗത്ത് ബസ് സ്ലോ ആക്കിയിരുന്നു. ഇതുകാരണം കാറിന് പോകാന്‍ കഴിയാതായതോടെയാണ് ഇതിനെ മറികടക്കാനായതെന്നും ഡ്രൈവര്‍ പറഞ്ഞു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അസോസിയേഷനുമായി ആലോചിച്ച് പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് മുഹമ്മദ് പറഞ്ഞത്.

കെ.എല്‍ 86 എ 0001 എന്ന മേഴ്‌സിഡന്‍സ് ബെന്‍സ് കാറാണ് ആംബുലന്‍സിന് തടസം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കാര്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.