രജീഷിന്റെയും അക്ഷയിയുടെയും നന്മയ്ക്ക് കൈയ്യടിച്ച് കൊയിലാണ്ടി; വടകര-കൊയിലാണ്ടി റൂട്ടിലെ സാരംഗ് ബസും ജീവനക്കാരും സ്മാര്‍ട്ടാണ്
കൊയിലാണ്ടി: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങളും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാര്‍ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന സാരംഗ് ബസിലെ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ. രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ.വി അക്ഷയ് എന്നിവര്‍ക്കാണ് കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ആദരം നല്‍കിയത്.
കൊയിലാണ്ടി ബസ് സ്റ്റാന്‌റില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ ജോയിന്‍ സെക്രട്ടറി യു.കെ പവിത്രൻ, ബസ് ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.ബിജു രജീഷ്, രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ക്ക് സ്വീകരണം നല്‍കിയത്.
സെപ്റ്റംബര്‍ 16ന് വൈകിട്ട് 6.30ഓടെയാണ് ബസിലെ സീറ്റില്‍ മറന്നുവെച്ച നിലയില്‍ ഇരുവരും പേഴ്‌സ് കാണുന്നത്. ഉടനെ തന്നെ പേഴ്‌സ് പരിശോധിച്ച് അതിനുള്ളിലുണ്ടായിരുന്ന പാസ്ബുക്കിലെ വിവരങ്ങള്‍ അനുസരിച്ച് കൊയിലാണ്ടി സ്വദേശിനിയായ ഷീനയാണ് പേഴ്‌സിന്റെ ഉടമയെന്ന് മനസിലാക്കി.
ശേഷം ഷീനയെ വിവരം അറിയിക്കുകയും പേഴ്‌സ് ഭദ്രമായി പയ്യോളി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് രാവിലെ 11 മണിക്ക് പയ്യോളി പോലീസ് സ്‌റ്റേഷനില്‍വെച്ച് ഉടമയ്ക്ക് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പേഴ്‌സ് കൈമാറുകയായിരുന്നു.
Description: The bus staff returned the purse containing stolen gold jewelery and documents to the owner