റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക; നന്തി വഗാര്‍ഡ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ബസ് ഉടമ- തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി


നന്തിബസാര്‍: ദേശീയപാത പ്രവൃത്തി കാരണം വടകര, കൊയിലാണ്ടി താലൂക്കുകളിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ബസുടമകളും തൊഴിലാളികളും നന്തിയിലെ വഗാര്‍ഡ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

വടകരയിലെയും കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, സംയുക്തതൊഴിലാളി യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഒന്നിച്ചാണ് മാര്‍ച്ച് നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി വടകര ബസ്സുകള്‍ പയ്യോളി വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ഇതിന് ഉടനടി പരിഹാരം കാണ്ടെത്തണമെന്നാണ് ബസ് തൊഴിലാളികളുടെ ആവശ്യം. ദേശീയപാതയില്‍ വടകര മുതല്‍ വെങ്ങളം വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുക, റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

പി.ബിജു കണ്‍വീനര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വാഗതം പറഞ്ഞ യോഗത്തില്‍ എം.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ: ഇ.കെ നാരായണന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യുസി മോട്ടോര്‍ സെക്ഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എ അമീര്‍, BMS ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ വിനയന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ സതീശന്‍ വിനോദ് ജെ.എല്‍.യു സംസ്ഥാനകമ്മിറ്റി ചെറിയത്ത്, ഗോപാലന്‍, ഇ.സി കുഞ്ഞമ്മദ് (ബസ്സ് ഓണേഴ്‌സ് പ്രസിഡണ്ട്),  ബസ് ഓണേഴ്‌സ്
സെക്രട്ടറി വടകര പി.ഹരിദാസന്‍ പാറക്കല്‍, ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അബ്ദുള്‍ഹാജി എന്നിവര്‍ സംസാരിച്ചു. സുരേഷ് എന്‍. നന്ദിയും പറഞ്ഞു.