‘മുമ്പും ഞാന്‍ പാടിയിട്ടുണ്ട്, പക്ഷേ പൊലീസ് സ്റ്റേഷനില്‍ ആദ്യായിട്ടാ” പരാതിയുടെ കാര്യത്തിനെത്തി, ഒടുക്കം പൊലീസുകാരുടെ ഓണാഘോഷം പാട്ടുപാടി കളറാക്കി അരിക്കുളം സ്വദേശിയായ ബസ് ഡ്രൈവര്‍- വീഡിയോ കാണാം


ബസുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ കാര്യത്തിന് ഇന്ന് പേരാമ്പ്ര സ്റ്റേഷനിലെത്തിയതായിരുന്നു അരിക്കുളം കുരുടിമുക്ക് സ്വദേശിയായ ബസ് ഡ്രൈവര്‍ മുനീര്‍. എന്നാല്‍ മുനീര്‍ മടങ്ങിയതാകട്ടെ മനോഹരമായ മാപ്പാളപ്പാട്ടുപാടി ഡി.വൈ.എസ്.പിയടക്കമുള്ള പൊലീസുകാരുടെ നിറഞ്ഞ കയ്യടി വാങ്ങിയാണ്. മധുവര്‍ണപൂവല്ലേ എന്ന മാപ്പിളപ്പാട്ട് പാടി ആണ് മുനീര്‍ എല്ലാവരെയും കയ്യിലെടുത്തത്.

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒമേഗ ബസിലെ ഡ്രൈവറാണ് മുനീര്‍. ബസുമായി ബന്ധപ്പെട്ട കാര്യത്തിനായാണ് മുനീറും സഹപ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ ഓണാഘോഷ പരിപാടിയാണ്. മ്യൂസിക്കല്‍ ചെയറും പാട്ടും ഡാന്‍സുമെല്ലാമുണ്ട്. പരിചയമുള്ള ഒരു പൊലീസുകാരനാണ് പാട്ടുപാടാമോയെന്ന് ചോദിച്ചതെന്ന് മുനീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മറ്റ് പൊലീസുകാരും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പൊലീസുകാരുടെ ഓണാഘോഷ വേദിയില്‍ തന്റെ മാപ്പിളപ്പാട്ട് കൂടി വന്നതെന്നും മുനീര്‍ പറഞ്ഞു.

ഡി.വൈ.എസ്.പിയും സി.ഐയും എസ്.ഐയുമടക്കമുള്ള പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഇങ്ങനെയൊരു പരിപാടിയില്‍ പാടാന്‍ കഴിയുമെന്ന് അവിടേക്ക് പോകുമ്പോള്‍ കരുതിയിരുന്നില്ല. പാട്ട് ഇഷ്ടപ്പെട്ട് എല്ലാവരും അഭിപ്രായം പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി. ഒരുപാട് വേദികളില്‍ പാടിയിട്ടുണ്ടെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഇതാദ്യമായാണ് പാടുന്നതെന്നും മുനീര്‍ പറഞ്ഞു.

അരിക്കുളം, കൊയിലാണ്ടി ഭാഗങ്ങളില്‍ ഒട്ടുമിക്കയാളുകള്‍ക്കും പരിചിതനാണ് മുനീറിലെ പാട്ടുകാരനെ. കല്ല്യാണ വേദികളിലും സ്റ്റേജ് പരിപാടികളിലെല്ലാം പലവട്ടം പാടിയിട്ടുണ്ട്. സുഹൃത്തായ കൊയിലാണ്ടി സ്വദേശി ഇസ്ഹാക്കിനൊപ്പം ഒട്ടേറെ പരിപാടിയില്‍ പാടിയിട്ടുണ്ട്. മ്യൂസിക് ബാന്റ് കാലിക്കറ്റ് എന്ന ട്രൂപ്പിലെ സ്ഥിരം ഗായകനുമാണ്.