ട്യൂഷന് പോവുന്നതിടെ വെള്ളക്കെട്ടില്‍ വീണു; താമരശ്ശേരിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


താമരശ്ശേരി: താമരശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിന്റെ മക്കളായ മുഹമ്മദ് ആദി(14), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച ഉച്ചയോടെ ട്യൂഷന് പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തെ പറമ്പില്‍ കക്കൂസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നില്‍ക്കുന്ന കുഴിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കുഴിയുടെ കരയില്‍ ചെരിപ്പും, പുസ്തകവും കണ്ടതിനെ തുടര്‍ന്ന് കുഴിയില്‍ തിരയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.