നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി


കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍.

അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ വയലുകളിലും മറ്റും കൃഷി നടത്തിയിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരുന്നില്ല ഇത്. ഇവിടെയുണ്ടാക്കിയ ഉല്പന്നങ്ങള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുകയാണുണ്ടായത്. ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയായിരുന്നു പാടം.

വളരെ മുമ്പ് ചെറിയ ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായിരുന്നു പെരുവട്ടൂര്‍. പക്ഷേ ഇദ്ദേഹത്തിന്റെയൊക്കെ പ്രവര്‍ത്തന ഫലമായി വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് പെരുവട്ടൂരില്‍ ഇന്ന്. യാതൊരു തരത്തിലുള്ള അക്രമസംഭവങ്ങളും ഇവിടെയുണ്ടാകാറില്ല.

അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. ബാലസംഘം മുതല്‍ പി.വി.സത്യന്‍ സജീവായിരുന്നു. പിന്നീട് സി.പി.എം പെരുവട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു ഭാരവാഹി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ കൊയിലാണ്ടി മേഖലാ രക്ഷാധികാരിയാണ്.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് അന്ത്യോപചാരം അര്‍പ്പിക്കുന്നു

2000ത്തില്‍ പെരുവട്ടൂരില്‍ നിന്നും കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. പെരുവട്ടൂരില്‍ അക്കാലത്ത് പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത സമയമായിരുന്നു. എങ്കിലും സത്യനാഥിന്റെ ജനകീയത വലിയ തോതിലുള്ള വോട്ടു നേടാന്‍ സഹായിച്ചു. കുറഞ്ഞ വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പെരുവട്ടൂര്‍ സ്വദേശിയായ അഭിലാഷാണ് കൊലപാതകത്തിന് പിന്നില്‍. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു.

ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ വിലാപയാത്രയായി കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. അവിടെ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായി പെരുവട്ടൂരിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ അന്ത്യോപചാരം അര്‍പ്പിക്കുന്നു

ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലെക്‌സ് മാനേജരാണ് സത്യനാഥന്‍. പരേതരായ അപ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ് (ആക്‌സിസ് ബാങ്ക്), സെലീന. മരുമക്കള്‍: അമ്പിളി, സുനു. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.

എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അന്ത്യോപചാരം അര്‍പ്പിക്കുന്നു

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മറ്റി അംഗം കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, ടി.പി.രാമകൃഷ്ണൻ എം.എൽ.എ, പി.ജയരാജൻ, എം.വി.ജയരാജൻ, ഇ.കെ.വിജയൻ എം.എൽ.എ, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, കാനത്തിൽ ജമീല എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.വിശ്വൻ മാസ്റ്റർ, കെ.ദാസൻ, കെ.കെ.മുഹമ്മദ്, ടി.ചന്തുമസ്റ്റർ, എം.പി.ഷിബു, എം.പി. ശിവാനന്ദൻ, സി.സത്യചന്ദ്രന്‍, ഇ.കെ.അജിത്, വായനാരി വിനോദ്, മുക്കം മുഹമ്മദ്‌, കെ.ലോഹ്യ, കാരായി രാജൻ, പനോളി വത്സൻ, എൻ.പി.ബാബു, കെ.പി.സുധ, പി.ബാബുരാജ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കെടിഎം കോയ തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.