രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമം; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിന്റെ മൃതദേഹം പുറത്തെടുത്തു, ബന്ധുക്കൾക്ക് വിട്ടു നൽകി
വിലങ്ങാട്: വിലങ്ങാട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ കുളത്തിങ്കല്‍ മാത്യുവിന്റെ മൃതദേഹം രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തു.
വിലങ്ങാട് ചോത്തുപോയില്‍ പുഴയോരത്ത് ഇന്ന് രാവിലെ 11മണിയോടെ ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൂറ്റന്‍ മരത്തടികള്‍ക്കിടയിലായിരുന്ന മൃതദേഹം മണ്ണും മരത്തടികളും മാറ്റി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.
ചെന്നൈ ആറക്കോണം എൻഡിആർഎഫിന്റെ ഫോർത്ത് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ വികാസ്, സഞ്ജു, എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രൻ വളയം സി.ഐ ശാഹുൽ ഹമീദ്, നാദാപുരം സി.ഐ ദിനേശ് കോറോത്ത്, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുഴയോരത്ത് വച്ച് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെ കാണാതായത്. ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ക്കൊപ്പം സഹായത്തിനായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു മാത്യു.
പിന്നാലെ വീടിന് സമീപത്തെ അങ്കണവാടിക്കടുത്ത് കുന്ന് ഇടിയുന്നത് കണ്ട് സമീപത്തെ കടയ്ക്കുള്ളില്‍ കയറി നിന്നു. എന്നാല്‍ കടയുടെ ഭാഗത്തേക്ക് ഉരുള്‍പൊട്ടി വെള്ളം കുതിച്ചെത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ മാത്യുവിനെ രക്ഷിക്കാനായി കയറുമായി എത്തിയപ്പോഴേക്കും കടയടക്കം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോവുകയായിരുന്നു. കാനഡയിലായിരുന്നു മാത്യുവിന്റെ രണ്ട് മക്കളും നാട്ടിലെത്തിയിട്ടുണ്ട്.