കുഞ്ഞുനാളുമുതലുള്ള കൂട്ടുകാരുടെ അന്ത്യ വിശ്രമവും അടുത്തടുത്ത്; കാട്ടില്‍പീടികയില്‍ അപകടത്തിൽ മരിച്ച വടകരയിലെ യുവാക്കളെ അവസാനമായി ഒരു നോക്ക് കാണാനൊഴുകിയെത്തിയത് ആയിരങ്ങള്‍


വടകര: അപകടത്തില്‍ മരിച്ച കുരിയാടിയിലെ യുവാക്കളുടെ മൃതദേഹം സംസ്‌കരിച്ചു. ഒരേ പറമ്പില്‍ അടുത്തടുത്തായാണ് കുഞ്ഞുനാള്‍ മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന അശ്വിനും ദീക്ഷിതിനും അന്ത്യ വിശ്രമമൊരുക്കിയത്. ആയിരക്കണക്കിന് ആളുകളാണ് ഇരുവരെയും അവസാനമായി കാണാനെത്തിയത്.

അരമണിക്കൂര്‍ മാത്രമായിരുന്നു ഇരുവരുടെയും മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നത്. ഇരുവരുടെയും വീടുകളിലായിരുന്നു പൊതുദര്‍ശനം. സന്തോഷത്തോടെ ഉത്സവം കാണാന്‍ പോയവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ നാടിനുണ്ടായ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

വെങ്ങളം കാട്ടിലപ്പീടികയിലുണ്ടായ അപകടത്തിലാണ് പതിനെട്ടുവയസുകാരായ വരയന്റെ വളപ്പില്‍ അശ്വിന്‍, മരക്കാന്റെ വളപ്പില്‍ ദീക്ഷിത് എന്നിവര്‍ മരണപ്പെട്ടത്. ഇരുവരും വിദ്യാര്‍ഥികളാണ്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവരാണ് രണ്ട് പേരും.

പുതിയാപ്പ ഉത്സവം കാണാന്‍ പോയതായിരുന്നു ഇരുവരും. ഉത്സവം കണ്ടശേഷം പുലര്‍ച്ചെ നാട്ടിലേക്ക് തിരിച്ചുവരുന്ന വഴിയായിരുന്നു അപകടം. സ്‌കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ഒരാള്‍ അപകട സ്ഥലത്തുവെച്ചും ദിക്ഷിത് ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റ സായന്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.