ഇരുപത് വര്‍ഷത്തോളമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; വിവിധ ജില്ലകളില്‍ അഞ്ഞൂറിലധികം മോഷണ കേസുകള്‍, ഒളിവിലായിരുന്ന പ്രതി പിടിയില്‍, കോഴിക്കോട് ഒരേ ദിവസം മോഷണം നടത്തിയത് അഞ്ച് ക്ഷേത്രങ്ങളില്‍ വരെ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയിലായി. മലപ്പുറം കാലടി കൊട്ടരപ്പാട്ട് സജീഷ് ആണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം,തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500 ല്‍ അധികം ക്ഷേത്രങ്ങളിലാണ് സജീഷ് മോഷണം നടത്തിയത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളില്‍ വരെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തി വരുകയായിരുന്നു. ക്ഷേത്രത്തിന് സമീപ പ്രദേശത്തു നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുകയും അവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം താക്കോല്‍ കൈവശം വയ്ക്കും. ഈ മേഖലയിലെ ക്ഷേത്രങ്ങളില്‍ വീണ്ടും മോഷണം നടത്താന്‍ എത്തുമ്പോള്‍ ഈ ബൈക്കുകളാണ് ഉപയോഗിക്കുക. മോഷണ ശേഷം കിട്ടുന്ന പണവുമായി മുങ്ങുന്ന ഇയാള്‍ ഇടുക്കി കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്നത് പതിവായിരുന്നു.
ഇങ്ങനെ മോഷണ ശേഷം കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിരവധി ക്ഷേത്ര മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. സാധാരണ ഒരാളുടെ കൈവശം കാണാന്‍ ഇടയുള്ളതിലുമധികം ചില്ലറകളുമായാണ് ഇയാള്‍ കംഫര്‍ട്ട് സ്റ്റേഷനിലെത്തിയത്. ഇയാളുടെ പക്കല്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം നടത്തികിട്ടിയ ചില്ലറ പൈസകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്ന് കരുതുന്ന താക്കോലുകളും കണ്ടെടുത്തു.
നിരവധി വാഹന മോഷണക്കേസുകളിലും സജീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2022 ജൂലൈ 17ന് മോഷണക്കേസില്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30ലധികം അമ്പലങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. പിടികൂടിയ സമയത്ത് പ്രതിയുടെ കൈവശം എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീതും കണ്ടെടുത്തു.
സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവ് ആണെന്ന പേരിലാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
summary: the accused, who had been stealing from those temples for 20 years, was arrested