ആനക്കുളത്തും പാലക്കുളത്തും മോഷണം നടത്തിയ പ്രതികള്‍ ഇപ്പോഴും മറവില്‍ തന്നെ; കൊരയങ്ങാട് സ്വദേശിയുടെ മാല മോഷ്ടിച്ച കേസിലെ പ്രതി റിമാന്‍ഡില്‍


കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെറിയമങ്ങാട് പുതിയ പുരയില്‍ ശ്രീജിത്താണ് റിമാന്‍ഡിലായത്.

പ്രതിയെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി കൊരയങ്ങാട് കൊണ്ടുപോയിരുന്നു. എസ്.ഐ ശൈലേഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ തൊണ്ടിമുതല്‍ വിറ്റ കടയിലേക്ക് കൊണ്ടുപോയും തെളിവെടുപ്പ് നടത്തി. തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ആനക്കുളത്തും പാലക്കുളത്തും നടന്ന മോഷണങ്ങളുമായി പ്രതിയ്ക്ക് ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് മോഷണം നടന്നത്. പിന്‍വശത്തെ വാതില്‍ വഴി അകത്തുകടന്ന പ്രതി ഷാഹിനയുടെ കഴുത്തില്‍ നിന്നും മൂന്ന് പവന്റെ മാല മോഷ്ടിക്കുകയായിരുന്നു. ഈ സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആനക്കുളത്തും മോഷണം നടന്നത്. ആനക്കുളത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല വീടിനുള്ളില്‍ കയറി പ്രതി പൊട്ടിച്ചെടുത്തത്. തുടര്‍ന്ന് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി പ്രതിയെപ്പോലെ ഒരാളെ കണ്ടുവെന്ന ഒരു സ്ത്രീ അറിയിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ കോഴിക്കോട് മാവൂര്‍ റോഡിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാനായി പോലീസ് എത്തിയപ്പോള്‍ ഇയാള്‍ അക്രമത്തിന് മുതിരുകയും ശേഷം ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവിലാണ് കൊയിലാണ്ടി പോലീസ് പ്രതിയെ പിടികൂടിയത്.