കുട്ടികൾക്ക് മയക്ക് മരുന്ന് നൽകുന്ന വിവരം പോലീസിൽ അറിയിച്ചതിൻ്റെ പ്രതികാരം; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തില്‍ പരിശോധന നടത്തിയ അഞ്ചംഗ സംഘത്തെയാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. അത്തോളി കുന്നത്തറ ചാലിൽ ഹൗസിൽ സൂരജിനെ (25) യാണ് നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരിൽ വധശ്രമത്തിനാണ് കേസെടുത്തത്. ഒൻപതോളം കേസുകളാണ് സുരൻജിന്റെ പേരിൽ നിലവിലുള്ളത്. അറസ്റ്റ് ചെയ്ത സ്റ്റേഷനിൽ എത്തിച്ചപ്പോഴും ഇയാൾ വളരെ മോശമായ ഭാഷയിൽ സംസാരിച്ചതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കുട്ടികൾക്ക് മയക്ക് മരുന്ന് നൽകുന്ന വിവരം പോലീസിൽ അറിയിച്ചതിൻ്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണം എന്നാണ് കരുതുന്നത്.

റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ മൂന്നുപേര്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കവെയാണ് ഡി.വൈ.എഫ്.ഐ സംഘം സ്ഥലത്തിത്തിയത്. എന്നാൽ ഇവരെ മൂന്നംഗ സംഘം കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണുവിന് പരിക്കേറ്റു. വിഷ്ണുവിന് തലയ്ക്കാണ് പരിക്കേറ്റത്. വിഷ്ണു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സി ഐ.എൻ.സുനിൽകുമാർ എസ്.ഐ എം.എൻ.അനൂപ്, ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സൂരജിനെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ പരിസരവും അതിനടുത്തുള്ള ഇടവഴികളുമെല്ലാം ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്ത പതിനഞ്ചു വയസ്സുകാരനെ ബലം പ്രയോഗിച്ച് ലഹരി നല്‍കുകയും കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തതിരുന്നു.