കൊയിലാണ്ടിയിൽ വീണ്ടും ഫുട്ബോൾ ആരവമുയരും; 43 മത് എ.കെ.ജി ഫുട്മ്പോൾ മേള ജനുവരി 12 മുതൽ


കൊയിലാണ്ടി: കൊയിലാണിയില്‍ വീണ്ടും ഫുട്‌ബോള്‍ ആരവമുയരുന്നു. 43 ആമത് എ.കെ.ജി ഫുട്‌ബോള്‍ മേള 2025 ജനുവരി 12 മുതല്‍ 19 വരെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. ഫുട്‌ബോള്‍ മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രുപീകരിച്ചു.


201 അംഗ സമിതിയാണ് രൂപീകരിച്ചത്. എ.കെ.ജി യുടെയും കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ടി.വി കുഞ്ഞിക്കണ്ണന്റെയും സ്മരണാര്‍ത്ഥം 1977 ലാണ് കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ മേള ആരംഭിച്ചത്.
കൊയിലാണ്ടിയുടെ കായിക ചരിത്രത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വളരെ പ്രാധാന്യമുള്ള ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് എ.കെ.ജി ഫുട്‌ബോള്‍ മേള. 1977 ല്‍ ആരംഭിച്ച ഫുട്‌ബോള്‍ മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ഫുട്‌ബോള്‍ ടീമുകളും കേരളത്തിലെ അറിയപ്പെടുന്ന നിരവധി ഫുട്‌ബോള്‍ താരങ്ങളും പന്തുതട്ടിയിട്ടുണ്ട്. 43 ആമത് ഫുട്‌ബോള്‍ മേളയെ വലിയ ആവേശത്തോടെയാണ് കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

പി.വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അഡ്വ.എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ, അഡ്വ.കെ സത്യന്‍, ടി.കെ ചന്ദ്രന്‍, സി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതവും ടി.വി.ദാമോദരന്‍ നന്ദിയും പറഞ്ഞു. കാനത്തില്‍ ജമീല എം.എല്‍.എ ചെയര്‍മാനും സി.കെ മനോജ് ജനറല്‍ കണ്‍വീനറും എ.പി. സുധീഷ് ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.

Summary: The 43rd AKG Football Mela will be held from January 12 to 19, 2025 at the Koilandi Sports Council Stadium.