കൊയിലാണ്ടിയില്‍ ഇനി വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങളുടെ നാളുകള്‍; 43ാമത് എ.കെ.ജി ഫുട്ബോള്‍ മേളയ്ക്ക് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പ്രൗഡോജ്ജ്വലമായ തുടക്കം


കൊയിലാണ്ടി: കായിക പ്രേമികള്‍ ഉറ്റുനോക്കിയ 43ാമത് എ.കെ.ജി ഫുട്ബോള്‍ മേളയ്ക്ക് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. മേളയുടെ ഉദ്ഘാടനം വൈകീട്ട് മുന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാല്‍പ്പന്താവേശത്തിലേക്ക് കൊയിലാണ്ടിയെ എത്തിക്കാന്‍ എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് സാധിക്കട്ടെ എന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് അഡ്വ. എല്‍.ജി.ലിജീഷ് പതാക ഉയര്‍ത്തി. മുന്‍ എംഎല്‍എ പി.വിശ്വന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ, അഡ്വ.കെ.സത്യന്‍, കെ.കെ.മുഹമ്മദ്, അഡ്വ.കെ.വിജയന്‍, വായനാരി വിനോദ്, രമേശ് ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. സി.കെ.മനോജ് സ്വാഗതവും എ.പി.സുധീഷ് നന്ദിയും പറഞ്ഞു.

ഇത്തവണ എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുട്ബോള്‍ മേളയായാണ് നടത്തുന്നത്. മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേതാജി എഫ്‌സി കൊയിലാണ്ടിയും ബ്ലാക്ക്‌സണ്‍ തിരുവോടും തമ്മില്‍ ഏറ്റുമുട്ടുന്നു. ഫുള്‍ബോള്‍ മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്.

പ്രധാന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണുള്ളത്. ജ്ഞാനോദയം ചെറിയമങ്ങാടും ഓസ്‌കാര്‍ എളേറ്റിലും ജനുവരി 14നും ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടിയും എഫ്.സി പാറക്കല്‍ താഴെയും ജനുവരി 16നും ചെല്‍സി വെള്ളിപറമ്പും ട്രാവല്‍ ഗൈഡ് കൊയിലാണ്ടിയും ജനുവരി 19നും ഏറ്റുമുട്ടും. ജനുവരി 21നും 23നുമാണ് സെമി ഫൈനല്‍. ജനുവരി 26നാണ് ഫൈനല്‍ മത്സരം.

അണ്ടര്‍ 17 ജില്ലാതല ടൂര്‍ണമെന്റും മേളയുടെ ഭാഗമായി നടക്കും. 18നാണ് ഈ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. എട്ട് ടീമുകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഈ ടൂര്‍ണമെന്റ് സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ കൊയിലാണ്ടിയിലെയും പരിസരത്തെയും പ്രാദേശിക ടീമുകളുടെയും മത്സരം നടക്കും. 16 ടീമുകളാണ് ഈ വിഭാഗത്തിലുള്ള ടൂര്‍ണമെന്റില്‍ പോരിനിറങ്ങുന്നത്.

സമാപന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫുട്ബോള്‍ താരം സി.കെ.വിനീത് മുഖ്യാതിഥിയാവും. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റ്. ഫുട്ബോള്‍ താരങ്ങളായ ഐ.എം.വിജയന്‍, യു.ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ താരങ്ങള്‍ മുമ്പ് എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചവരാണ്.